കോവിൻ പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

Share our post

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ രക്ത-അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നടപടികളാരംഭിച്ചു. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യു.ഐ.പി.) പോര്‍ട്ടലിനു കീഴില്‍ കൊണ്ടുവരും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനം ഡിജിറ്റൈസ് ചെയ്യും. ഇത് ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം പ്ലാറ്റ്‌ഫോമില്‍ തുടരും. പോര്‍ട്ടല്‍ വഴി പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്തുവെച്ചുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് ആവശ്യക്കാരുടെ അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്കാണ് പുതുക്കിയ പതിപ്പ് ലഭ്യമാക്കുക. തുടര്‍ന്ന് ഇത് ദേശീയ തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.ഐ.പി.ക്ക് കീഴില്‍ ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!