ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന; ഏജൻറ് മതിൽ ചാടി രക്ഷപ്പെട്ടു

തളിപ്പറമ്പ്: ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് സംഘത്തെ കണ്ട് കൈക്കൂലി നൽകാനെത്തിയ ഏജൻറ് മതിൽ ചാടി രക്ഷപ്പെട്ടു. തളിപ്പറമ്പ് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ട് ഓഫിസിലാണ് പരിശോധന നടന്നത്.
ഏജൻറുമാർ മുഖേന മാത്രമേ ഇടപാടുകൾ നടക്കുന്നുള്ളൂവെന്ന നിരവധി പരാതികളെ തുടർന്നാണ് വിജിലൻസ് ഇൻസ്പെക്ടർ പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കാഞ്ഞിരങ്ങാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യമില്ലാതെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ വിജിലൻസ് സംഘം ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡ്രൈവിങ് ടെസ്റ്റും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യമില്ലാതെ നടത്തിയതിന് എ.എം.വി.ഐക്കെതിരെ കേസെടുക്കാൻ വിജിലൻസ് റിപ്പോർട്ട് നൽകും.
പല ഘട്ടങ്ങളിലും ആരോപണവിധേയനായ എ.എം.വി.ഐയാണ് ഇവിടെ ജോലി ചെയ്തത്. തളിപ്പറമ്പിലെ ഒരു ഏജൻറ് ഓഫിസിൽ ഇരിക്കുമ്പോഴാണ് വിജിലൻസ് റെയ്ഡ് നടന്നത്.
സംഭവം ശ്രദ്ധയിൽപെട്ട ഏജൻറ് ചെരിപ്പുപോലും ഉപേക്ഷിച്ച് ഓഫിസിന്റെ പടിഞ്ഞാറു ഭാഗത്തെ രണ്ടു മതിലും ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ നടപടിക്ക് വിജിലൻസ് സംഘം റിപ്പോർട്ട് നൽകും.
റെയ്ഡിൽ എ.എസ്.ഐ നിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.വി. രാജേഷ്, ഇ.കെ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനൽ, സജിത്, നിധേഷ് എന്നിവരുമുണ്ടായിരുന്നു.