തളിപ്പറമ്പ് തീർഥാടന ടൂറിസം പദ്ധതി: മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനകം

Share our post

തളിപ്പറമ്പ് : നിയോജക മണ്ഡലത്തിലെ ആരാധനാലയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഇതിന്റെ മാസ്റ്റർ പ്ലാൻ 2 മാസത്തിനുള്ളിൽ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ‍ ഗവ എൻജിനീയറിങ് കോളജിൽ നടന്ന മണ്ഡലം തീർഥാടന ടൂറിസം വികസന യോഗത്തിൽ ഇതിന്റെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.

തളിപ്പറമ്പിന്റെ ചരിത്ര പ്രാധാന്യം കെട്ടുറപ്പോടെ നിലനിർത്താനും പൗരാണിക ഓർമകൾ മുതൽ ആധുനിക നിർമിതികൾ വരെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന തീർഥാടന ടൂറിസം പദ്ധതിയാണ് ഒരുക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മണ്ഡലം എം.എൽ.എ കൂടിയായ എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം കെ.ടി.ഐ.എൽ എം.ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.

മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെയെല്ലാം കോർത്തിണക്കി സഞ്ചാരികൾക്ക് ആകർഷണീയവും വിജ്ഞാനപ്രദവുമായ രീതിയിലുള്ള സഞ്ചാരം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ ആരാധനാലയങ്ങളിലെ കുളങ്ങൾ നവീകരിക്കുക, ചുമർ ചിത്രങ്ങൾ, കൊത്തുപണികൾ സംരക്ഷിക്കുക തുടങ്ങിയ പദ്ധതികളും തെയ്യം, ക്ഷേത്രകല, നാടൻകല, ആദിവാസി കല ഉൾപ്പെടെയുള്ള പ്രാദേശിക കലാരൂപങ്ങൾക്ക് പുനർജീവനേകുന്ന പദ്ധതികളും നടപ്പാക്കും.

തീർഥാടന ടൂറിസം വികസിക്കുന്നതിനോടൊപ്പം ഇക്കോ ടൂറിസം, ഫാം ടൂറിസം,റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയ മേഖലകളിലും പുതിയ സാധ്യതകൾ തുറക്കും. പരമ്പരാഗത വ്യവസായങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ഉയരുന്നതോടെ പ്രാദേശിക ജനതയുടെ സാമ്പത്തിക വികസനവും സാധ്യമാകുന്ന തരത്തിലാകും പദ്ധതി നടപ്പിലാക്കുക. തീർഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി, നഗരസഭാ ഉപാധ്യക്ഷൻ കല്ലിങ്കൽ പത്മനാഭൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി മനോജ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിതേഷ് കുമാർ, തഹസിൽദാർ പി. സജീവൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!