കണ്ണൂർ ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാ സംവിധാനം
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാസംവിധാനമായി. പരീക്ഷ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണിതിന്റെ ലക്ഷ്യമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പി.എസ്.സി. കാസർകോട്ട് തുടങ്ങിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പുലിക്കുന്നിലെ ജില്ലാ പി.എസ്.സി. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അഞ്ചാംനിലയിൽ മൂന്ന് മുറികളിലായി സജ്ജീകരിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഒരേസമയം 231 ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാം. ഇതിൽ 10 കംപ്യൂട്ടർ കോവിഡ് ബാധിതരായ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനുള്ളതാണ്.
കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം ഉപയോഗിക്കാം. ഇതിനു മുൻപ് ഓൺലൈൻ പരീക്ഷയ്ക്കായി കോഴിക്കോടിനെയാണ് ഇവിടെയുള്ള ഉദ്യോഗാർഥികൾ ആശ്രയിച്ചിരുന്നത്. ജില്ലയുടെ ചുമതലയുള്ള കമ്മിഷനംഗം സി. സുരേശൻ അധ്യക്ഷനായി. വി.ബി. മനുകുമാർ, പി. ഉല്ലാസൻ, വി.വി. പ്രമോദ്, വി.പി. മുഹമ്മദ് മുനീർ, എ. അബ്ദുൾ ഖാദർ, കെ.ജി. ബിന്ദു, ആർ. മനോജ്, കെ.വി. സുനുകുമാർ എന്നിവർ സംസാരിച്ചു.