കൃഷ്‌ണപിള്ള ദിനത്തിൽ നാടെങ്ങും സാന്ത്വന പരിചരണം

കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് 19ന് നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും സഖാവിനെ അനുസ്‌മരിക്കും. ജില്ലയിലെ 4297 ബ്രാഞ്ചുകളിലും ചിന്ത റീഡേഴ്സ് ക്ലബ് രൂപീകരണവും നടക്കും. ജില്ലയിൽ 12,000ത്തോളം കിടപ്പുരോഗികളുണ്ട്. അവരെ സഹായിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ഏതാനും വർഷമായി സി.പി.എം പ്രവർത്തകരും ഐ.ആർ.പി.സി വളന്റിയർമാരും കൃഷ്ണപിള്ള ദിനത്തിൽ നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. കണ്ണൂർ തയ്യിൽ, മാത്തിൽ, കാവുമ്പായി എന്നിവിടങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സയുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ദയ ചാരിറ്റബിൾ സൊസൈറ്റിയും മലബാർ ക്യാൻസർ സെന്ററിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാകുന്നു. പ്രാദേശികമായി കൂടുതൽ സാന്ത്വനകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഐ.ആർ.പി.സി.ക്ക് 18 സോണൽ കമ്മിറ്റികളും 240 യൂണിറ്റുകളും 3500 വളന്റിയർമാരുമുണ്ട്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ നൂറോളം പേർക്ക് താമസവും ഭക്ഷണവും ആശ്രയ നൽകുന്നു. കൂടുതൽ രോഗികൾ വരുന്നതിനാൽ കൂടുതൽ സൗകര്യങ്ങളുണ്ടാക്കാൻ കെട്ടിടനിർമാണം ആരംഭിച്ചിട്ടുണ്ട്.
ദയ പരിയാരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസവും സൗജന്യഭക്ഷണം നൽകുന്നു. ചിലർക്ക് മരുന്നും നൽകുന്നുണ്ട്. സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങി. ഐ.ആർ.പി.സി, ഡി.വൈ.എഫ്ഐ, ദയ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ 20 ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കുന്നു.
ചിന്താ റീഡേഴ്സ് ക്ലബ് രൂപീകരിക്കുന്നതോടെ വിപുലമായ ബഹുജന ക്യാമ്പയിന് തുടക്കം കുറിക്കും. സി.പി.എമ്മിന്റെ താത്വിക പ്രസിദ്ധീകരണമായചിന്തയിലെ ലേഖനങ്ങൾ വായിച്ച് ചർച്ചയും ബഹുജനങ്ങളെ പങ്കെടുപ്പിച്ച് സംവാദവും സംഘടിപ്പിക്കും. ഇത്തവണ ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംവാദം.