റാഗിയും തിനയും മണിച്ചോളവും പറമ്പുകളിലേക്ക് മടങ്ങിവരുന്നു

ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും വളര്‍ന്നിരുന്ന റാഗിയും (കൂവരക്) തിനയും മണിച്ചോളവുമെല്ലാം മടങ്ങിവരുന്നു. കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് പരിപാടി.
അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്‍ വരുന്നത്. വരക്, പനിവരക്, ചാമ, കുതിരവാലി, ബജ്‌റ എന്നിവയെല്ലാം കേരളത്തില്‍ കൃഷി ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ കൃഷിവിജ്ഞാനകേന്ദ്രങ്ങളില്‍ ചെറുധാന്യ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള വിവിധയിനം ചെറുധാന്യങ്ങള്‍ വളര്‍ത്തി പരിപാലിക്കും.
കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കര്‍ഷകദിനമായ ബുധനാഴ്ച ചെറുധാന്യ പാര്‍ക്ക് തുറക്കും. കേരള, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലകള്‍, കാര്‍ഷിക കോളേജുകള്‍, രാജ്യത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ചെറുധാന്യങ്ങളുടെ വിത്ത് ശേഖരിച്ചത്.
അടുത്തഘട്ടത്തില്‍ തരിശുഭൂമിയില്‍ ചെറുധാന്യക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് വിപുലമായ പരിപാടികള്‍ക്കാണ് ആലോചന.