പ്ലസ് വൺ പ്രവേശനം: അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ നൽകാം.
മുഖ്യഘട്ടത്തിൽ തെറ്റായവിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും പരിഗണിക്കപ്പെടാത്ത വിദ്യാർഥികൾക്കും സപ്ലിമെന്ററിഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ പരിഗണിക്കാനായി അപേക്ഷ പുതുക്കിനൽകാം.
തെറ്റായവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും ഈയവസരത്തിൽ തെറ്റുതിരുത്തിയുള്ള അപേക്ഷനൽകാം.
സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശനത്തിനുള്ള സമയപരിധിക്കുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
രണ്ടാം അലോട്ട്‌മെന്റിന് ബുധനാഴ്ച വൈകീട്ട് ആറുവരെയാണ് സമയം. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനംനേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളൂ.
താഴ്‌ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാർഥികളെല്ലാം രക്ഷിതാക്കൾക്കൊപ്പം ബുധനാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോർട്‌സ്, കമ്യൂണിറ്റി ക്വാട്ടകളിലുള്ള പ്രവേശനവും നടക്കും.