കണ്ണൂർ ജില്ലാ ഇൻവെസ്റ്റേഴ്സ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങി

കണ്ണൂർ : കണ്ണൂരിനെ സംരംഭകത്വസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്‌സ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തം ആരംഭിച്ചു. ജില്ലയിലെ മികച്ച അഞ്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ മുൻകൈയെടുക്കുമെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
മികച്ച ആറു സംരംഭകർക്കുള്ള ഉപഹാരവിതരണം കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. സംരംഭകത്വം ജീവിതശൈലിപോലെ കാണണമെന്നും സാമ്പത്തിക അച്ചടക്കം നിർബന്ധമായും പാലിക്കണമെന്നും കളക്ടർ പറഞ്ഞു. ഒരുലക്ഷം സംരംഭം തുടങ്ങി നാലുലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി.വി. അബ്ദുൽ റാജിബ് പറഞ്ഞു. വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടക്കണമെന്ന ബോധ്യമുണ്ടാകണമെന്നും തുടങ്ങാൻ താത്‌പര്യപ്പെടുന്ന പദ്ധതിയെക്കുറിച്ച് പ്രാഥമികപഠനം പോലുമില്ലാത്തതിനാലാണ് വായ്പാ അപേക്ഷകൾ കൂടുതലായും തള്ളിപ്പോകുന്നതെന്നും ജില്ലാ ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ടി.എം. രാജ്കുമാർ പറഞ്ഞു. ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി.വി. രവീന്ദ്രകുമാർ ഹെൽപ്പ് ഡെസ്‌ക് പദ്ധതി വിശദീകരിച്ചു. മൈസോൺ എം.ഡി. കെ. സുഭാഷ് മോഡറേറ്ററായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, സെക്രട്ടറി ഇൻ ചാർജ് ഇ.എൻ. സതീഷ് ബാബു എന്നിവർ സംസാരിച്ചു.
വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ ലഭ്യമാക്കൽ, പുതിയ പദ്ധതികൾ തിരഞ്ഞെടുക്കൽ, അതിന്റെ വിജയസാധ്യത തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നിർദേശങ്ങളും നൽകി.