കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ പരിശോധന ശക്തം

Share our post

കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി പരിശോധന ശക്തമാക്കി. ജില്ലയിലെ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിൽ ഹരിത പെരുമാറ്റചട്ടം നടപ്പാക്കുന്നത് പരിശോധിക്കുന്നതിനായി പരിശോധന ടീം രൂപവത്കരിച്ചാണ് പ്രവർത്തനം ശക്തമാക്കിയത്. സ്വകാര്യ മേഖലയിലെ ഓഡിറ്റോറിയങ്ങൾ, പൊതുമേഖലയിലെയും സഹകരണ വകുപ്പിന്റെ ഹാളുകൾ എന്നിവയിൽ ഹരിത പെരുമാറ്റചട്ടം പൂർണമായി നടപ്പാക്കുന്നില്ലെന്ന പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിത പെരുമാറ്റചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാനാണ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല അവലോകന യോഗം തീരുമാനം.

ഹരിത കേരളം മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന സഹകരണ വകുപ്പ്, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണ് പരിശോധനസംഘം. ജില്ലയിലെ വിവിധ ഓഡിറ്റോറിയങ്ങൾ / ഹാളുകൾ എന്നിവയുടെ ഹരിത പെരുമാറ്റചട്ട നിർവഹണവും ഒരുക്കിയ സംവിധാനങ്ങളും പരിശോധിക്കുകയും കലക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് യഥാസമയം സമർപ്പിക്കുകയും ചെയ്യും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപനയും തടയാനായി വ്യാപക പരിശോധനയും പിഴയീടാക്കലും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 10,000 രൂപയും കുറ്റം ആവർത്തിച്ചാൽ 50,000 രൂപ വരെയുമാണ് പിഴ ചുമത്തുന്നത്. ഇതിന് വ്യാപാരികളെ അടക്കം ഉൾപ്പെടുത്തി കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ആഴ്ചതോറും ഈ നടപടികൾ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. നേരത്തെ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോഴാണ് നടപടി ശക്തമാക്കിയത്.

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശേഖരിക്കുന്നത് കണ്ണൂരാണ്. കഴിഞ്ഞ ഒരുവര്‍ഷം 1002 ടണ്‍ പ്ലാസ്റ്റിക്കാണ് ഹരിത കർമസേന ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്. വീടുകളിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജില്ലയില്‍ തന്നെ റീസൈക്ലിങ് ചെയ്യാനായി ജില്ലാ
പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും ചേർന്ന് സമ്പൂര്‍ണ റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!