ഭാര്യയെ മറ്റുസ്ത്രീകളുമായി താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി
കൊച്ചി: ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യംചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. തന്റെ സങ്കല്‍പത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹമോചനം അനുവദിക്കുന്നതിന് ഭര്‍ത്താവില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം പര്യാപ്തമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ ഹര്‍ജി പരിഗണിച്ച് കുടുംബകോടതി അനുവദിച്ച വിവാഹമോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദമ്പതിമാര്‍ തമ്മില്‍ ശാരീരികബന്ധം ഇല്ലെന്ന കാരണം മുഖവിലക്കെടുത്താണ് കുടുംബകോടതി നേരത്തെ വിവാഹമോചനം അനുവദിച്ചത്. 1869-ലെ വിവാഹമോചന നിയമമനുസരിച്ച് ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന മാനസിക ക്രൂരതയും വിവാഹമോചനം അനുവദിക്കുന്നതിന് പര്യാപ്തമാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. തന്റെ സങ്കല്‍പത്തിനൊത്ത് ഭാര്യ ഉയരുന്നില്ലെന്നുള്ള നിരന്തരമായ കുറ്റപ്പെടുത്തലും മറ്റു സ്ത്രീകളുമായുള്ള താരതമ്യപ്പെടുത്തലും ഏതൊരു ഭാര്യയ്ക്കും സഹിക്കാവുന്നതിനും അപ്പുറമാണെന്നും മാനസിക ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
2009 ജനുവരിയിലാണ് വിവാഹം നടന്നതെന്നും അക്കൊല്ലം നവംബറില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നതായും കോടതി എടുത്തുപറഞ്ഞു. ദമ്പതിമാര്‍ക്കിടയില്‍ വിവാഹം എന്ന ചടങ്ങിനപ്പുറം ശാരീരികമോയോ വൈകാരികമായോ മാനസികമായോ ഉള്ള അടുപ്പം ഒരുതരത്തിലും സംഭവിച്ചിട്ടില്ലെന്നും വിവാഹബന്ധം സാധ്യമാകുന്നിടത്തോളം കാലം നിലനിര്‍ത്തണമെന്ന സമൂഹത്തിന്റെ പ്രതീക്ഷയും താത്പര്യവും പരിഗണിച്ച് ദുരിതങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യങ്ങളുടെ നേര്‍ക്ക് കണ്ണടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക ക്രൂരത എന്ന കാരണം മുന്‍നിര്‍ത്തി ഭര്‍ത്താവിന്റെ ഹര്‍ജി കോടതി നിരാകരിച്ചു.