വ്യാജനെ തടയാന്‍ ഒരു വഴിയുമില്ല; ‘പുക’യില്‍ കുടുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതികപരിമിതികള്‍കാരണം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരിശോധനയും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതൊഴിവാക്കി. പകരം പുക പരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് ഓണ്‍ലൈന്‍വഴി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്. ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെയും സോഫ്റ്റ്വേറിന്റെയും ആധികാരികത ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വാഹന്‍ സോഫ്റ്റ്വെയറിനും കഴിയുന്നില്ല.