സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് ഓഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 13 ഇന്ന് മുതല്‍ പിക്‌സല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. പിക്‌സല്‍ 4 ലും അതിന് ശേഷം ഇറങ്ങിയ പതിപ്പുകളിലുമാണ് ആന്‍ഡ്രോയിഡ് 13 ലഭിക്കുക. പിക്‌സല്‍ 3 ആണ് ഉപയോഗിക്കുന്നത് എങ്കില്‍ പുതിയ അപ്‌ഡേറ്റ് ലഭിക്കില്ല.
ഏതെല്ലാം ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ലഭിക്കും ?
പിക്‌സല്‍ ഫോണുകളില്‍ മാത്രമാണ് തുടക്കത്തില്‍ ആന്‍ഡ്രോയിഡ് 13 ലഭിക്കുക. പിക്‌സല്‍ 4, 4എക്‌സ്എല്‍, 4എ, 4എ(5ജി), പിക്‌സല്‍ 5, 5എ5, പിക്‌സല്‍ 6, 6 പ്രോ, 6എ തുടങ്ങിയ ഫോണുകളിലാണ് അപ്‌ഡേറ്റ് ലഭിക്കുക.
ഇതിന് പിന്നാലെ സാംസങ് ഗാലക്‌സി, അസുസ്, നോക്കിയ ഫോണുകള്‍, ഐഖൂ, മോട്ടോറോള, വണ്‍ പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്‌നോ, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള കമ്പനികളുടെ ഫോണുകളിലും ആന്‍ഡ്രോയിഡ് 13 എത്തുമെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് പറയുന്നു.
പുതിയ ചില സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡ്രോയിഡ് 13 കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ‘മെറ്റീരിയല്‍ യൂ’ഡിസൈന്‍ സംവിധാനത്തിലൂടെ ഫോണിന്റേയും ടാബിന്റെയുമെല്ലാം ഹോം സ്‌ക്രീന്‍ ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. ഗൂഗിളിന്റേതല്ലാത്ത ആപ്പുകളും ഫോണിന്റെ വാള്‍പേപ്പര്‍ തീമിനോടും നിറങ്ങളോടും യോജിക്കും വിധം ക്രമീകരിക്കാനാവും.
ഓരോ ആപ്പിനും പ്രത്യേകം ഭാഷ നിശ്ചയിക്കാന്‍ ആന്‍ഡ്രോയിഡ് 13 ല്‍ സാധിക്കും. മറ്റ് ഭാഷകള്‍ പരിചിതമായ ഉപഭോക്താക്കള്‍ക്ക് സഹായമാവുന്നതിന് വേണ്ടിയാണിത്. അതായത് ഫോണിന്റെ സിസ്റ്റം ലാംഗ്വേജ് ഇംഗ്ലീഷ് ആണെങ്കില്‍ ആപ്പുകള്‍ക്ക് പ്രത്യേകമായി മറ്റൊരു ഭാഷ നിശ്ചയിക്കാം.
കൂടുതല്‍ സ്വകാര്യത ഫീച്ചറുകളും ആന്‍ഡ്രോയിഡ് 13 ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ളത് പോലെ, ഒരു ആപ്ലിക്കേഷനില്‍ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടി വരുമ്പോള്‍ ഫോട്ടോ ലൈബ്രറിയിലേക്ക് മുഴുവനായുള്ള പ്രവേശനം നല്‍കുന്നതിന് പകരം ഒരു പ്രത്യേക ചിത്രം മാത്രമായി തിരഞ്ഞെടുക്കാന്‍ പുതിയ ഓഎസില്‍ സാധിക്കും.
ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍,സ അലോഗിന്‍ വിവരങ്ങള്‍ എന്നിവ കോപ്പി ചെയ്യുമ്പോള്‍ ക്ലിപ്പ്‌ബോര്‍ഡ് ഡാറ്റയ്ക്കും കൂടുതല്‍ സംരക്ഷണം ലഭിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ ആന്‍ഡ്രോയിഡ് ക്ലിപ്പ്‌ബോര്‍ഡ് ഓട്ടോമാറ്റിക്ക് ആയി ക്ലിയര്‍ ചെയ്യും.
നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുംഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി തിരഞ്ഞെടുത്ത അലേര്‍ട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത് എന്ന് ഉറപ്പിക്കാനാവും.
സ്‌പേഷ്യല്‍ ഓഡിയോ ആണ് മറ്റൊരു ഫീച്ചര്‍. ഈ സൗകര്യമുള്ള ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ മികവോടുകൂടിയുള്ള ശബ്ദാനുഭവം ലഭിക്കും.
ഫോണില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിന്ന് ക്രോംബുക്കിലും ടാബിലും തിരിച്ചും എളുപ്പം തുടരാന്‍ സാധിക്കും. ഇത് കൂടാതെ ഫോണില്‍ കോപ്പി ചെയ്ത ഒരു ഉള്ളടക്കം ടാബ് ലെറ്റില്‍ പേസ്റ്റ് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ഉപകരണങ്ങളില്‍ ഈ രീതിയില്‍ ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുള്ള അനുഭവം നല്‍കുന്നുണ്ട്.
ബ്ലൂടൂത്ത് ലോ എനര്‍ജി ഓഡിയോ സംവിധാനത്തിലൂടെ ലേറ്റന്‍സി കുറയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്.
ടാബ് ലെറ്റുകളിലെ പ്രൊഡക്റ്റിവിറ്റിയും മള്‍ടി ടാസ്‌കിങും മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്പ്ലിറ്റ് സ്‌ക്രീനിലേക്ക് എളുപ്പത്തില്‍ ആപ്പുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാനുള്ള സൗകര്യം. വിരലിന്റേയും സ്റ്റൈലസിന്റെയും സ്പര്‍ശനം വെവ്വേറെയായി തിരിച്ചറിയാന്‍ പുതിയ ആന്‍ഡ്രോയിഡ് ഓഎസ് ടാബുകള്‍ക്ക് സാധിക്കും. ടാബ് ലെറ്റില്‍ സ്റ്റൈലസ് ഉപയോഗിക്കുമ്പോള്‍ അറിയാതെ വരുന്ന വിരല്‍ സ്പര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനാണിത്.