സ്വാതന്ത്ര്യത്തിന്റെ മകനായി സ്വതന്ത്രകുമാർ; രാജ്യത്തോടൊപ്പം @75

കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ. സ്വതന്ത്രകുമാർ വളർന്ന് ഏവരുടെയും പ്രിയപ്പെട്ട ഡോക്ടറായി. രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികപ്രഭയിൽ തിളങ്ങുമ്പോൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് കേക്ക് മുറിക്കലും ആഘോഷങ്ങളുമൊക്കെയായി 75-ാം പിറന്നാൾ തിരക്കിലാണ് ഡോ. സ്വതന്ത്രകുമാറും ‘പ്രസിവില്ല’യും.
“ജനനത്തിന്റെയും പേരിന്റെയും സവിശേഷതകൾ കൂട്ടുകാർക്കിടെയിലെല്ലാം പണ്ടുമുതലേ ചർച്ചാവിഷയമായിരുന്നു, എങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. പഠനകാലത്താണ് എത്രത്തോളം ‘സ്പെഷ്യലാണ്’ താനെന്ന് പൂർണമായും മനസ്സിലാക്കാൻ സാധിച്ചത്”, തെല്ലൊരു ഓർമക്കുറവുണ്ടെങ്കിലും ദൃഢസ്വരത്തിൽ ഡോക്ടർ പറയുന്നു.
കേളോത്ത് ഗോപാലന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായാണ് ഡോക്ടറുടെ ജനനം. ആറുസഹോദരിമാർക്ക് ഒരേയൊരു ആങ്ങള. കുട്ടിക്കാലമെല്ലാം കണ്ണൂരിൽതന്നെ. 1943-ൽ പണികഴിപ്പിച്ച തോട്ടടയിലെ ‘പ്രസിവില്ല’ എന്ന വീട്ടിലാണ് ജനനംമുതൽ ഇന്നുവരെ ജീവിതം.
കോഴിക്കോട് മെഡിക്കൽ കോളേജ് 12-ാം ബാച്ച് വിദ്യാർഥിയായിരുന്ന സ്വതന്ത്രകുമാർ 1975-ലാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് തോട്ടട, കടലായി, താഴെചൊവ്വ എന്നിവിടങ്ങളിലായി സർക്കാർ ആസ്പത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സേവനമനുഷ്ഠിച്ചു. വീട്ടിലും ക്ലിനിക്കിലും ചികിത്സയുമെല്ലാമായി ജനകീയനായിരുന്നു ഡോക്ടറെന്ന് ഭാര്യ പ്രീത പറയുന്നു. കോവിഡ് കാലംവരെ ചികിത്സാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് സേവനം അവസാനിപ്പിച്ചത്. എങ്കിലും ഇപ്പോഴും പലരും ചികിത്സയ്ക്കായി തോട്ടടയിലെ പ്രസിവില്ലയിൽ എത്താറുണ്ടെന്നും നിരാശയോടെയും സങ്കടത്തോടെയും ഇവരെ മടക്കിയയയ്ക്കുകയാണ് പതിവെന്നും മകൻ നിഷ്‍വേതും മരുമകൾ ദിവ്യയും പറയുന്നു.