അധ്യാപകന്റെ മർദനമേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ നാടെങ്ങും പ്രതിഷേധം

അധ്യാപകന്റെ മർദനമേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ നാടെങ്ങും പ്രതിഷേധം. രാജസ്ഥാനിൽ മൂന്നാം ക്ലാസ് വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ ചെയ്‌ലി സിംഗ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരയാണ് പ്രതിഷേധം വ്യാപിക്കുന്നത്.
രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ജൂലായ് 20ന് അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിതിനായിരുന്നു മർദനം. ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. തലയ്ക്കും ചെവിക്കും സാരമായി പരിക്കേറ്റ ഇന്ദ്രൻ അഹമ്മദാബാദിലെ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ചെയ്‌ലി സിംഗിനെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വേഗതയിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.