ലക്കി ബിൽ പദ്ധതി ചൊവ്വാഴ്ച മുതൽ; രാജ്യത്ത്‌ ആദ്യം

Share our post

സർക്കാരിന്‌ ലഭിക്കേണ്ട നികുതി ഉറപ്പാക്കുന്ന നികുതിദായകന്‌ സമ്മാനം നൽകുന്ന ആദ്യ സംസ്ഥാനം കേരളമാകും. ‌ജി.എസ്‌.ടിയിലാണ്‌ സംസ്ഥാന നികുതി വകുപ്പ്‌ നൂതന പദ്ധതി നടപ്പാക്കുന്നത്‌. പൊതുജനങ്ങൾക്ക്‌ ലഭിക്കുന്ന ജി.എസ്‌.ടി ബില്ലുകളിൽനിന്ന്‌ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന ലക്കി ബിൽ പദ്ധതി ചൊവ്വാഴ്‌ച നിലവിൽ വരും. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഇതിനായുള്ള മൊബൈൽ ആപ്പും പുറത്തിറക്കും.

ജി.എസ്‌.ടി രേഖപ്പെടുത്തിയ ഏതു ബില്ലും ഗുണഭോക്താവിന് ലക്കി ബിൽ‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാം. ജി.എസ്‌.ടി നൽകുന്ന എല്ലാ ബില്ലും ഒരു നികുതിദായകന്‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാമെന്നതാണ്‌ പ്രത്യേകത. ആപ്പിൽ ലഭ്യമാകുന്ന ബില്ലുകളുടെ നറുക്കെടുപ്പിലൂടെ പ്രതിദിനം 50 പേർക്ക്‌‌ കുടുംബശ്രീ, വനശ്രീ എന്നിവയുടെ 1000 രൂപ വില വരുന്ന സമ്മാനപ്പൊതിയും പ്രതിവാരം 25 പേർക്ക്‌ കെ.ടി.ഡി.സി.യുടെ മൂന്നു പകൽ/ രണ്ടു രാത്രി സൗജന്യ കുടുംബതാമസ സൗകര്യവും ലഭിക്കും. പ്രതിമാസം ഒരാൾക്ക്‌ ഒന്നാംസമ്മാനം 10 ലക്ഷം രൂപയും രണ്ടാംസമ്മാനം അഞ്ചുപേർക്ക്‌ രണ്ടുലക്ഷം രൂപവീതവും മൂന്നാംസമ്മാനം അഞ്ചുപേർക്ക്‌ ഒരുലക്ഷം രൂപവീതവും ലഭിക്കും. വാർഷിക ബമ്പർ സമ്മാനമായി ഒരാൾക്ക്‌ 25  ലക്ഷം രൂപയുമുണ്ടാകും. ലക്കി ബിൽ മൊബൈൽ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും www.keralataxes.gov.in വെബ്‌സൈറ്റിൽനിന്നും ഇൻസ്റ്റാൾ ചെയ്യാം. പേര്‌, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന്‌  സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ‌ലോഡ് ചെയ്യാം.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!