ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി; വില പറഞ്ഞുറപ്പിച്ച ശേഷം ബൈക്കുമായി കടന്നയാള്‍ അറസ്റ്റില്‍

Share our post

ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്‍കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.

ചേര്‍പ്പ് അമ്മാടം സ്വദേശിയാണ് പരാതിക്കാരന്‍. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

പതിവുപോലെ ബൈക്ക് തട്ടിയെടുത്തശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴ പോലീസിന്റെകൂടി സഹായത്തോടെയാണ് പിടികൂടിയത്. പത്തനംതിട്ടയില്‍ വാഹനമോഷണത്തിനും മലയാലപ്പുഴയില്‍ അടിപിടികേസിലും പ്രതിയായ ഇയാള്‍ തൃക്കാക്കരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!