എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ

Share our post

ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.).

എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആർട്‌സ്, സയൻസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കാനാണ് തീരുമാനം. മൂന്ന് പ്രവേശന പരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളിൽ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ്‌കുമാർ പറഞ്ഞു.

പ്രതിവർഷം 50 ലക്ഷം വിദ്യാർഥികൾ ഈ മൂന്നുപരീക്ഷയിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ ഭാഗമാകുന്നുണ്ട്. സി.യു.ഇ.ടി.യിലെ 61 വിഷയങ്ങളിൽപ്പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ ഐച്ഛികവിഷങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും.

അതിനാൽ നീറ്റ്, ജെ.ഇ.ഇ. പരീക്ഷകൾക്കുപകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി.യുടെ വിലയിരുത്തൽ. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങളിൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് എൻജിനിയറിങ് തിരഞ്ഞെടുക്കാം.

സയൻസ് വിഷയങ്ങളിലാണ് മാർക്ക് കൂടുതലെങ്കിൽ മെഡിക്കലും മറ്റുള്ളവർക്ക് ബിരുദകോഴ്‌സുകളും തിരഞ്ഞെടുക്കാം. വർഷം രണ്ടുതവണ പരീക്ഷനടത്തും. ആദ്യഘട്ടം ബോർഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും. തുടർനടപടികൾക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ജഗദീഷ് കുമാർ പറഞ്ഞു.

സി.യു.ഇ.ടി.(യു.ജി.) ആദ്യരണ്ട് ഘട്ടങ്ങളിലെ പിഴവുകൾ പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ചോദ്യപ്പേപ്പറുകളുടെ ഫയലുകളുടെ വലുപ്പവും പ്രശ്നമുണ്ടാക്കി. കുട്ടികൾക്ക് കൃത്യസമയത്ത് ഇവ ഡൗൺലോഡ് ചെയ്യാനായില്ല. ഇനിമുതൽ ചോദ്യപ്പേപ്പറുകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്യും.

വർഷം നാലുലക്ഷത്തിലേറെ വിദ്യാർഥികളാണ് എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. എഴുതുന്നത്. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് എഴുതുന്നത് വർഷം പതിനഞ്ചുലക്ഷം പേർ. 61 വിഷയങ്ങളിലേക്ക് ഏകദേശം 43 ലക്ഷം പേരാണ് 13 ഭാഷകളിൽ സി.യു.ഇ.ടി.-യു.ജി. പരീക്ഷ എഴുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!