മെഡിസെപ്പിൽ ചേരാൻ അവസാന അവസരം

തിരുവനന്തപുരം: നിലവിലുള്ള സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിൽ ചേരാൻ അവസാന അവസരം. 25-നുമുമ്പ് ശരിയായവിവരങ്ങൾ അധികൃതർക്ക് നൽകി അതു പരിശോധിച്ച് ഉറപ്പുവരുത്താത്തവർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി.
ശരിയായ വിവരങ്ങളുള്ള മെഡിസെപ് തിരിച്ചറിയൽ കാർഡുകൾ മാത്രമേ ആശുപത്രികൾ അംഗീകരിക്കൂ. കാർഡിൽ ഉൾപ്പെട്ടവർക്കേ ഈ പദ്ധതിയനുസരിച്ചുള്ള ചികിത്സയും ലഭിക്കൂ. മെഡിസെപ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സ്റ്റാറ്റസ് റിപ്പോർട്ട് തിരിച്ചറിയൽ കാർഡായി ഇനി പരിഗണിക്കില്ല.
മെഡിസെപ്പിൽ എല്ലാവരും ചേരണമെന്നത് നിർബന്ധമാണെങ്കിലും അതത് സർക്കാർ ഒാഫീസുകളിലും ട്രഷറികളിലും ജീവനക്കാരും പെൻഷൻകാരും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽകാർഡ് നൽകുന്നത്. പല അവസരങ്ങൾ നൽകിയിട്ടും ശരിയായവിവരങ്ങൾ നൽകാനോ, തെറ്റിയത് തിരുത്താനോ ഇനിയും പലരും തയ്യാറായിട്ടില്ല. 25-നുശേഷം വിവരങ്ങൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും മാത്രമേ അവസരം കിട്ടൂ.
ആനുകൂല്യം വേണ്ടവർ ചെയ്യേണ്ടത്
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തെറ്റുണ്ടെങ്കിൽ 25-നുമുമ്പ് ജീവനക്കാർ ഡി.ഡി.ഒ.മാരെയും പെൻഷൻകാർ ട്രഷറി ഓഫീസർമാരെയും അറിയിക്കണം. ഇതിനുശേഷമുള്ള തിരുത്തലുകൾ ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. വിവരങ്ങളിൽ പിഴവുണ്ടായാൽ ഉത്തരവാദിത്വം ജീവനക്കാർക്കും പെൻഷൻകാർക്കുമായിരിക്കും.
ട്രഷറികളിൽ പെൻഷൻകാരുടെ വിവരശേഖരണം ഇനിയും പൂർത്തിയായിട്ടില്ല. 25-നുമുമ്പ് പൂർത്തിയാക്കണം. പട്ടികയിലുള്ള ആശുപത്രികളിൽ എത്തുന്നവർ മെഡിസെപ് ഐ.ഡി. കാർഡും മറ്റൊരു അംഗീകൃത തിരിച്ചറിയൽ കാർഡും ഹാജരാക്കണം.