ക്ലീനാകും കണ്ണൂർ: പ്ലാസിക് സംഭരണത്തിൽ സംസ്ഥാനത്ത് ഒന്നാമത്

കണ്ണൂർ : സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ ഒന്നാമത് കണ്ണൂർ ജില്ല. കഴിഞ്ഞവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിത കർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരു മാസം ശരാശരി 85 മുതൽ 100 ടൺ വരെയാണ് ശേഖരിക്കുന്നത്.
പെരളശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ -പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി പഞ്ചായത്തുകളിൽനിന്നും ആന്തൂർ നഗരസഭയിൽനിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കൂടുതലും. എൽഡി പ്ലാസ്റ്റിക്കും പാൽ പാക്കറ്റുകളും സംഭരിച്ചു. ഒരുവർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ടും ഇതിന്റെ ഭാഗമായി ജില്ലയിലെ ഹരിതകർമസേനക്ക് ക്ലീൻ കേരള കമ്പനി കൈമാറി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20 പഞ്ചായത്തുകളിലും ബെയ്‌ലിങ് യന്ത്രം സ്ഥാപിച്ചു. ഇതോടെ ഹരിതകർമസേന കൂടുതൽ പ്ലാസ്റ്റിക് ശേഖരിച്ച് യന്ത്രസഹായത്തോടെ ബണ്ടിലുകളാക്കി സൂക്ഷിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ആർആർഎഫിൽ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ കോയമ്പത്തൂരിൽനിന്നാണ് റീസൈക്കിൾ ചെയ്യുന്നത്. കസേര, പോളിസ്റ്റർ സാരി, താർപോളിൻ ഷീറ്റ് പോലുള്ള ഉൽപന്നങ്ങൾ നിർമിക്കാനാണ് ഇവ ഉപയോഗിക്കുക.
കൂടാതെ ഒന്നര മാസത്തിനിടെ പുനരുപയോഗിക്കാൻ കഴിയാത്ത 411 ടൺ മാലിന്യവും നീക്കംചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഗാർബേജ് ആപ്പ് കൂടി വരുന്നതോടെ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാവും.