തമാശയായി കണ്ടവര്‍ വരെ കൈയടിച്ചു; സ്‌കൂള്‍ വെബ്‌സൈറ്റുമായി ഏഴാം ക്ലാസുകാരന്‍

യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്.
സ്‌കൂള്‍ തിരഞ്ഞെടുപ്പ് സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കാനുള്ള ഏഴാംക്ലാസുകാരന്‍ മുഹമ്മദ് യാസീനിന്റെ തീരുമാനം പിഴച്ചില്ല. ചോക്കാട് പഞ്ചായത്തിലെ പാറല്‍ മമ്പാട്ടുമൂല എ.എച്ച്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ കൊച്ചുമിടുക്കന്‍ വിസ്മയം തീര്‍ത്തു. യാസീന്‍ രൂപകല്പന ചെയ്ത വെബ്‌സൈറ്റിലാണ് തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയത്.
യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്.
ഓരോ ക്ലാസും ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളാക്കി തിരിച്ച് സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ആദ്യം നല്‍കി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ അധ്യാപകര്‍ വിവരം പുറത്തു വിട്ടില്ല. യാസീന് പണിപാളിയാല്‍ പുറത്ത് ആരും അറിയരുതെന്ന് അധ്യാപകര്‍ ആഗ്രഹിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആശങ്കകള്‍ അസ്ഥാനത്തായി. വിജയികളെ കണ്ടെത്തല്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിര്‍ദേശപത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കല്‍ എന്നിവയെല്ലാം മുഹമ്മദ് യാസീന്‍ നിയന്ത്രിച്ചു. ആകെ രേഖപ്പെടുത്തിയ വോട്ട്, ഓരോരുത്തര്‍ക്ക് കിട്ടിയ വോട്ട്, ശതമാനം, ഭൂരിപക്ഷം തുടങ്ങി സമ്പൂര്‍ണ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം യാസീന്‍ അധ്യാപകര്‍ക്ക് കൈമാറി.
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനമാണ് മുഹമ്മദ് യാസീനെ ഐ.ടി. മേഖലയിലേക്ക് തിരിച്ച് വിട്ടത്. പൂര്‍ണരൂപത്തില്‍ വെബ് സൈറ്റുണ്ടാക്കാന്‍ വലിയ സാമ്പത്തികച്ചെലവുണ്ട്. അതുകൊണ്ട് മറ്റ് ഡൊമൈനുകളില്‍ നിന്ന് ലിങ്കുകള്‍ എടുത്താണ് യാസീന്‍ വോട്ടെടുപ്പിന് സംവിധാനമൊരുക്കിയത്.
സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പില്‍ എന്‍.പി. ഇംതിയാസ് വിജയിച്ചു. എം.ടി. ദിയ ശിഹാബിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. കൂരാടിലെ സി.പി. നൗഷാദിന്റെയും നിഷാത്ത് റുക്‌സാനയുടെയും മകനാണ് യാസിന്‍.