വാഹനമോഷണം, വാട്‌സാപ്പില്‍ ‘റോബറി ഗ്രൂപ്പ്’; കുട്ടിക്കള്ളന്‍ പിടിയില്‍

Share our post

കോഴിക്കോട്: കോഴിക്കോട് മോഷണം പതിവാക്കിയ കുട്ടിക്കള്ളൻ പിടിയിൽ. ജില്ലയിൽ കുട്ടികൾ നൈറ്റ് റൈഡ് നടത്തി മോഷ്ടിക്കുന്നത് പതിവായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത കരുവിശ്ശേരി സ്വദേശിയാണ് പോലീസ് പിടിയിലായത്.

ജില്ലയിൽ പുതിയറ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ പോലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിടിയിൽ നിന്നും അതി വിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്ടീവ, ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും മോഷണം നടത്തിവന്നത്. മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് രീതി. മോഷണം നടത്തിയ വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

വാഹനങ്ങള്‍ക്ക് പുറമേ വാഹന ബാറ്ററികള്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവയും ഇയാള്‍ മോഷ്ടിച്ചിരുന്നു. കല്പറ്റയിലെ ആക്രിക്കട, കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇന്‍ഷ മൊബൈല്‍ കട, ചുണ്ടേലുളള ട്വന്റി ഫോര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈലൈറ്റ് മാളിന് പരിസരത്തു നിന്നും സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണത്തിൽ പങ്കെടുത്തവരെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചതായും വരും ദിവസങ്ങളിൽ മറ്റുള്ളവരെ കൂടെ പിടികൂടുമെന്നും ഡപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് ഐ.പി.എസ്. പറഞ്ഞു. അമിതമായ ലഹരിക്ക് അടിമയായ ഇയാൾ നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി ഫോൺ രേഖകളിൽ നിന്നും വ്യക്തമായി. മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി ‘റോബറി ഗ്രൂപ്പ്’ എന്ന പ്രത്യേക പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടെന്ന് ഫോൺ പരിശോധിച്ച പോലീസിന് മനസ്സിലായിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

മോഷണം പതിവായപ്പോൾ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് ഐ.പി.എ.സിന്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേശന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസും ചേർന്നായിരുന്നു അന്വേഷണം. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം, പന്തീരങ്കാവ് പോലീസ് സ്റ്റേഷറിലെ സിവിൽ പോലീസ് ഓഫീസർ സബീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!