കാലില്‍ ഭാരമുള്ള കല്ലുവച്ച് നഗരം ചുറ്റി മര്‍ദനം; പോലീസ് വന്നപ്പോള്‍ വഴിയിലുപേക്ഷിച്ചു

ബാലുശ്ശേരി: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കേ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് ക്രൂരമര്‍ദനത്തിനിരയായത്. സംഭവത്തില്‍ കൊണ്ടോട്ടിസ്വദേശികളായ പറമ്പില്‍ സ്വാലിഹ് ജമീല്‍ (22), മേലേ ചിലമ്പാട്ടിപ്പറമ്പ് മുഹമ്മദ് ഷബീര്‍(22) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് ചേവായൂര്‍ പോലീസ് പറഞ്ഞു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച യുവാവിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കക്കോടി എരകുളത്ത് കടനടത്തുന്ന ഹക്കീം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ മഴപെയ്തതിനാല്‍ പഞ്ചായത്ത് ഓഫീസിനുമുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനരികില്‍ നിര്‍ത്തിയിരുന്നു. ഈ സമയത്താണ് ഒരുസംഘം കാറിലെത്തി ബലമായി പിടിച്ചുകൊണ്ടുപോയത്. വാഹനത്തില്‍ പലയിടങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടാണ് സംഘം യുവാവിനെ കടുത്ത മര്‍ദനത്തിനിരയാക്കിയത്. യാത്രയ്ക്കിടെ ഒരിടത്ത് കാര്‍ നിര്‍ത്തി കാലില്‍ ഭാരമുള്ള കല്ല് കയറ്റിവെച്ചും പരിക്കേല്‍പ്പിച്ചു. ദൃക്‌സാക്ഷി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ക്യാമറവഴി നമ്പര്‍ കണ്ടെത്തി കാര്‍ പിടികൂടുകയായിരുന്നു. പോലീസ് പിന്തുടരുന്നതായുള്ള സൂചനലഭിച്ചതിനെത്തുടര്‍ന്ന് യുവാവിനെ റോഡരികില്‍ തള്ളി സംഘം രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടിനിന്ന് പിടികൂടിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ചേവായൂര്‍ പോലീസാണ് കേസന്വേഷിക്കുന്നത്.