മുഴക്കുന്നിൽ വീട്ടിൽനിന്ന് നാടൻതോക്ക് പിടികൂടി; പേരാവൂർ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

മുഴക്കുന്ന് : വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടൻ അക്ഷയ് (23), പേരാവൂർ മേൽ മുരിങ്ങോടി പാർവതി വിഹാറിൽ വിനൂപ് (42) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെത്തുടർന്ന് മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദേശാനുസരണം വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. വീട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നാടൻതോക്ക്. പരിശോധനയ്ക്ക് എ.എസ്.ഐ. എൻ.എസ്. ബാബു, മിനിമോൾ, റോഷിത്ത്, നവാസ്, മനോജ്, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.