75 ജിബി അധിക ഡാറ്റ; ”ഇൻഡിപെൻഡൻസ് ഡേ” ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ചില ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ “ജിയോ ഇൻഡിപെൻഡൻസ് ഡേ” ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ 2,999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 75 ജിബി അധിക ഡാറ്റ കൂടി നൽകും. പ്രതിദിന പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഡാറ്റയുടെ പ്രവർത്തനം. കൂടെ മൂന്ന് കൂപ്പണുകളും ജിയോ അനുവദിച്ചിട്ടുണ്ട്. 4,500 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള പേയ്‌മെന്റിന് 750 രൂപ വിലമതിക്കുന്ന ഇക്‌സിഗോ കൂപ്പണുകൾ, 750 രൂപ വരെയുള്ള നെറ്റ്‌മെഡ്‌സ് കൂപ്പണുകൾ, 2,990 രൂപയ്ക്കും അതിനു മുകളിലും പർച്ചേസ് ചെയ്യുമ്പോൾ 750 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന അജിയോ കൂപ്പണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
2,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ്, ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ആപ്പുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
രണ്ട് സബ് പ്ലാനുകൾ ഉൾപ്പെടുന്ന പുതിയ 750 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 749 രൂപയുടെ പ്ലാൻ 1-ൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയാണ് ഉൾപ്പെടുന്നത്. ഒരു രൂപയുടെ പ്ലാൻ 2-ൽ 100MB അധിക ഡാറ്റ ഉൾപ്പെടുന്നു. ഇവ രണ്ടും 90 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്.