അഞ്ച് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കേളകം സ്വദേശിയടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ

വിദേശത്തേക്ക് കടത്താൻ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ വഴി എത്തിച്ച 5 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ എക്സൈസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട വിപണിയിൽ ഇതിന് 5 കോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
ഹഷീഷ് ഓയിൽ കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് വിമാനമാർഗം മലേഷ്യ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് ഇരുവരും മൊഴി നൽകി. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാഷീഷ് ഓയിൽ പിടികൂടിയത്.
ആർ.പി.എഫ് കമൻഡാന്റ് ബി.ജെതിൻ രാജ്, ഇൻസ്പെക്ടർ സൂരജ് എസ്.കുമാർ, ഉദ്യോഗസ്ഥരായ സജി അഗസ്റ്റിൻ, ഷാജു കുമാർ, പി.രാജേന്ദ്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ഉദ്യോഗസ്ഥരായ കെ.ആർ.അജിത്ത്, ടി.ജെ.അരുൺ, ടി.പി.മണികണ്ഠൻ, കെ.ജഗ്ജിത്ത്, കെ.സുമേഷ്, സി.വിജേഷ് കുമാർ, അഷറഫ് അലി, ബി.സുനിൽ, ഡി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.