വിദ്യാർഥിയെ ബസ്സിൽനിന്ന് തള്ളിയിട്ടു; കണ്ടക്ടർക്കെതിരെ കേസ്

വിദ്യാർഥിയെ ബസ്സിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു.മുണ്ടൂർ പൊരിയാനി പൊന്നാട്ടിൽ വീട്ടിൽ ഷാജിയുടെ മകനും മുട്ടിക്കുളങ്ങര സെന്‍റ് ആൻസ് ഇ.എം.എച്ച്.എസ് പത്താംതരം വിദ്യാർഥിയുമായ അഭിഷേകിനെ (14) പാലക്കാട്- മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽനിന്ന് തള്ളിയിട്ടതായാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
മുട്ടിക്കുളങ്ങര ഭാഗത്തുനിന്നാണ് വിദ്യാർഥി ബസിൽ കയറിയത്. പൊരിയാനി സീനായ് സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്തിയില്ല. തൊട്ടടുത്ത സ്റ്റോപ്പിലും നിർത്താത്തതിനെ തുടർന്ന് അടുത്ത കപ്ളി പാറ സ്റ്റോപ്പിൽ ബസ് വേഗം കുറച്ചപ്പോൾ ഇറങ്ങാൻ ഒരുങ്ങിനിന്ന അഭിഷേകിനെ കണ്ടക്ടർ തള്ളുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. മുഖം കുത്തി വീണതിനെത്തുടർന്ന് നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്.പൊലീസ് വിദ്യാർഥിയിൽനിന്ന് മൊഴിയെടുത്തു. രക്ഷിതാക്കൾ പാലക്കാട് ആർ.ടി ഒക്കും പരാതി നൽകി.