താലൂക്കാസ്പത്രി ഭൂമിയുടെ അതിരുകൾ റവന്യൂ അധികൃതർ ഇന്ന് അടയാളപ്പെടുത്തി നല്കും
പേരാവൂർ: താലൂക്കാസപ്തി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് തടയപ്പെട്ട സാഹചര്യത്തിൽ ആസ്പത്രി ഭൂമിയുടെ അതിരുകൾ റവന്യൂ അധികൃതർ ഇന്ന് ഉച്ചകഴിഞ്ഞ് അടയാളപ്പെടുത്തി നൽകും. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ അതിരുകൾ സംബന്ധിച്ച തർക്കം നിലനിൽകുന്ന സാഹചര്യത്തിലാണ് പോലീസിന്റെയും ആരോഗ്യവ്കുപ്പിന്റെയും ആവശ്യപ്രകാരം ആസ്പത്രി ഭൂമിയുടെ അതിരുകൾ ഇന്ന് അടയാളപ്പെടുത്തുന്നത്.
35 മീറ്ററോളം നീളത്തിൽ സ്വകാര്യ വ്യക്തികളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സ്ഥലവുമായി അതിരു പങ്കിടുന്ന വശത്താണ് അടയാളപ്പെടുത്തൽ നടക്കുക. 2014-ൽ ജില്ലാ സർവേയർ അളന്ന് തിട്ടപ്പെടുത്തി പേരാവൂർ വില്ലേജിലെ ഫീൽഡ് മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്തിയ പ്ലാൻ പ്രകാരമാണ് അതിരുകളിൽ അതിരുകല്ലുകൾ സ്ഥാപിക്കുക. സ്ഥലത്തിന്റെ ഇരിട്ടി താലൂക്ക് സർവേയർ, പേരാവൂർ വില്ലേജധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് അതിരുകല്ലുകൾ സ്ഥാപിക്കുക.
