വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിച്ചോ? ചെയ്യേണ്ടത് ഇത്രമാത്രം

Share our post

വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ.എ.എസ്. വോട്ടർമാർ നൽകുന്ന ആധാർ വിവരങ്ങൾ സുരക്ഷിതമായിരിക്കും. ആധാർ വിവരങ്ങൾ പൊതു സമക്ഷത്തിൽ ലഭ്യമാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ ആധാർ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്തത് 6,485 വോട്ടർമാരാണ്.നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് മുഖേനയോ ഫാറം 6എ യിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താവുന്നതാണ്.കൂടാതെ 17 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി മുൻകൂറായി അപേക്ഷ സമർപ്പിക്കാം.

നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരന്മാർക്കായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടർ പട്ടികയിൽ ഇടം പിടിക്കും. ഇതിനു ശേഷമാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ തുടർന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളിൽ (ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന്) 18 വയസ് പൂർത്തിയാകുന്നവർക്കും പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെ മേൽ സൂചിപ്പിച്ച പ്രകാരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വാർഷിക വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി ഒന്ന് യോഗ്യതാ തീയതിയിലേക്കുള്ള മുൻകൂറായി ലഭിച്ച അപേക്ഷകൾ നടപടി സ്വീകരിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ലഭിക്കുന്ന അപേക്ഷകളും തുടർന്നുവരുന്ന യോഗ്യതാ തീയതികളിലേക്കുള്ള (ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന്) അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫാറം6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുൻകൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (തഹസീൽദാർ) അതാത് യോഗ്യതാ തീയതികൾക്ക് ശേഷം തുടർച്ചയായി പ്രോസസ് ചെയ്യുന്നതായിരിക്കും.വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ഫാറം6 സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നുവരുന്ന യോഗ്യതാ തീയതികളിൽ പ്രസ്തുത അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ യുവജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഒരു അധിക സൗകര്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!