ഇരിട്ടി നഗരസഭാ ഹാളിന്റെയും ഓഫീസുകളുടെയും ഉദ്ഘാടനം ശനിയാഴ്ച
ഇരിട്ടി : സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന ഇരിട്ടി നഗരസഭയ്ക്ക് ആശ്വാസമായി പുതിയ കൗൺസിൽ ഹാളും അനുബന്ധ ഓഫീസ് കെട്ടിടത്തിന്റെയും നിർമാണം പൂർത്തിയായി. നഗരസഭാ കൗൺസിൽ യോഗത്തിനും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരുടെ ഓഫീസുകൾക്കുമായി ഒരുക്കിയ സൗകര്യം ശനിയാഴ്ച വൈകിട്ട് 4.30-ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അനുബന്ധ ഓഫീസുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും.
സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിക്കും. നഗരസഭയുടെ 2019-20, 21-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത പത്രസമ്മേളനത്തിൽ പറഞ്ഞു.
വികസനം, പൊതുമരാമത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റികൾക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യം ഉണ്ടാകുക. പത്രസമ്മേളനത്തിൽ ചെയർപേഴ്‌സന് പുറമേ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ. സുരേഷ്, എ.കെ. രവീന്ദ്രൻ, കെ. സോയ, കൗൺസിലർമാരായ പി. ബഷീർ, വി.പി. അബ്ദുൾ റഷീദ്, യുകെ. ഫാത്തിമ, സി. ബിന്ദു, പി. സീനത്ത്. അസി. എൻജിനിയർ കെ. സ്വരൂപ്, സൂപ്രണ്ട് കെ.സി. ദീപ എന്നിവരും പങ്കെടുത്തു.
