ആപ്പുകളുടെ പേരിൽ തട്ടിപ്പിന് ശ്രമം: മുന്നറിയിപ്പുമായി ബാങ്കുകൾ
തിരുവനന്തപുരം : പ്രമുഖ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും മൊബൈൽ ആപ്ലിക്കേഷനെന്ന പേരിൽ വ്യാജ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. ഉത്തരേന്ത്യയിലെ സംഘങ്ങളാണിതിന് പിന്നിൽ. മൊബൈൽ ആപ്ലിക്കേഷൻ സുരക്ഷിതത്വം സംബന്ധിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
പ്രമുഖ ബാങ്കുകളുടേതിന് സമാനമായ പേരും ലോഗോയും ഉൾപ്പെടുത്തിയുള്ള ലിങ്കുകൾ ഫോണിലേക്ക് എത്തും. അശ്രദ്ധയോടെ കൈകാര്യം ചെയ്ത് ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയാൽ ഉപഭോക്താവ് തട്ടിപ്പിനിരയാകും.
കുടുങ്ങാതിരിക്കാൻ ഇവ ശ്രദ്ധിക്കുക
*ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ യഥാർഥ ആപ്ലിക്കേഷനുകളുടെ അക്ഷരക്രമം ശ്രദ്ധിക്കണം. ബാങ്കിന്റെ പേരുമായി സാമ്യം തോന്നുമെങ്കിലും അക്ഷരവ്യത്യാസമുണ്ടാകും.
*മൊബൈൽ ആപ്പ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽനിന്നുമാത്രം ഡൗൺലോഡ് ചെയ്യണം
* ഷോപ്പിങ് നടത്തിയാൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് വാഗ്ദാനംനൽകുന്ന ആപ്ലിക്കേഷനുകൾ സൂക്ഷിക്കണം.
* ഇ-മെയിലുകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവയിലൂടെയുള്ള ലിങ്കുകളിൽനിന്ന് ബാങ്ക് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്.
* ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ബാങ്കിങ് ആപ്ലിക്കേഷനുകൾ സ്ഥിരമായി ഉപയോഗിക്കുന്നില്ലെങ്കിൽ ഫോണിൽനിന്ന് ഒഴിവാക്കണം.
*ബാങ്കിങ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ പുറത്തിറക്കിയ തീയതി ശ്രദ്ധിക്കണം.
* മാൽവെയർ കടന്നുകൂടിയെന്ന് സംശയമുണ്ടായാൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യണം.
