മെഡിസെപ്: വിവരങ്ങൾ 25 വരെ തിരുത്താം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ വിവരങ്ങൾ 25 വരെ തിരുത്താം. തെറ്റായ വിവരങ്ങളുടെ പേരിൽ ആസ്പത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതനുസരിച്ച് മെഡിസെപിൽ അംഗങ്ങളായ ജീവനക്കാരും പെൻഷൻകാരും ആശ്രിതരുടെ പൂർണമായ വിവരങ്ങൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഡി.ഡി.ഒ, നോഡൽ ഓഫീസർ / ട്രഷറി ഓഫീസർ എന്നിവരെ കാണിച്ച് പരിശോധിപ്പിക്കണം. കാർഡിലെ വിവരങ്ങൾ നേരത്തെ നൽകിയവയുമായി താരതമ്യം ചെയ്ത് തെറ്റില്ലെന്ന് ഉറപ്പാക്കണം. തിരുത്തിയ തിരിച്ചറിയൽ കാർഡ് വീണ്ടും ഡൗൺലോഡ് ചെയ്യണം. ഇതിനൊപ്പം മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡുമായി വേണം ഇൻഷ്വറൻസ് പദ്ധതിയിലുള്ള ആശുപത്രികളിലെത്താൻ.
തിരിച്ചറിയൽ കാർഡിൽ പേരില്ലാത്ത ആശ്രിതർക്ക് സൗജന്യ ചികിത്സ ലഭിക്കില്ല. ജീവനക്കാരും പെൻഷൻകാരും മെഡിസെപ് ഐ.ഡി യൂസർനെയിമായും, പെൻഷൻകാർ പി.പി.ഒ / പെൻ നമ്പറും, ജീവനക്കാർ എംപ്ളോയീസ് ഐ.ഡി / പെൻനമ്പർ പാസ് വേർഡായും ഉപയോഗിച്ച് www.medisep.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. ചികിത്സയ്‌ക്കെത്തുമ്പോൾ ആസ്പത്രിയിലെ മെഡിസെപ് ഹെൽപ് ഡെസ്‌കിൽ വിവരമറിയിക്കണം. ഹെൽപ് ഡെസ്‌ക് കണ്ടെത്താനായില്ലെങ്കിൽ 1800-425-0237 എന്ന നമ്പറിൽ വിളിച്ച് ആസ്പത്രിയുടെ പേരും മെഡിസെപ് ഐ.ഡി നമ്പറും സഹിതം ചികിത്സയ്‌ക്കെത്തിയ വിവരം അറിയിക്കണം. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക 25ന് ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറും. 25ന് ശേഷം പിഴവുകൾ തിരുത്താനാകില്ല.