ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടി നിടുംപുറംചാലിലെ കർഷകർ; 50-ലധികം കർഷകരുടെ കൃഷിനശിച്ചു
നിടുംപുറംചാൽ:പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവനും നശിച്ച് ജീവിതം വഴിമുട്ടിയ നിലയിലാണ് നിടുംപുറംചാലിലെ ഭൂരിഭാഗം കർഷകരും. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക, കൊക്കോ, കമുങ്ങ്, കുരുമുളക് തുടങ്ങി വർഷങ്ങളായി നട്ടുവളർത്തിയ കാർഷിക വിളകളെല്ലാം ഒറ്റ രാത്രിയിലാണ് തുടച്ചുനീക്കപ്പെട്ടത്. കാഞ്ഞിരപ്പുഴയോരത്ത് താമസിക്കുന്ന കർഷകർക്കാണ് സർവതും നഷ്ടപ്പെട്ടത്.
പുത്തൻ വീട്ടിൽ റെജീഷിന്റെ മൂന്നേക്കർ ഭൂമിയിൽ കൃഷി ചെയ്ത പൈനാപ്പിൾ മുഴുവനും ഒലിച്ചുപോയി.ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകരാണ് ഭൂരിഭാഗവും.പലരും ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്.നിടുംപുറംചാൽ മഠത്തിന്റെ സ്ഥലത്തും വ്യാപക കൃഷിനാശമുണ്ടായി.നിടുംപുറംചാൽ ക്രിസ്ത്യൻ പള്ളിയുടെ ഭൂമിയിലും ഹെല്ത്ത് സെന്റർ സ്ഥലത്തും നാശം സംഭവിച്ചു.
കൃഷിനാശമുണ്ടായവരുടെ വിവരം(ലിസ്റ്റ് പൂർണമല്ല)
ഷിന്റോ കുഴിയാത്തിന്റെ 1500-ഓളം കുലക്കാത്ത വാഴകളും 800-ഓളം കുലച്ച വാഴകളും മരച്ചീനിയും പൂർണമായും നശിച്ചു.കിഴക്കനേടം മനോജിന്റെ ആയിരത്തിലധികം കുലക്കാത്ത വാഴകളും മരച്ചീനികൃഷിയും നശിച്ചു.നരോത്ത് നാണു (200 വാഴ ),ചാത്തമ്പള്ളി രവീന്ദ്രൻ(300 വാഴ ),വി.ഒ.അബ്രഹാം(350 വാഴ),ബിജു വള്ളിയാംകുഴി(350 വാഴ),സതീഷ് മണ്ണാറുകുളം(അഞ്ച് തെങ്ങ്,50 വാഴ),സിഥാർഥ് ഇലവുങ്കൽ(പ്ലാവ്,തെങ്ങ്),വർഗീസ് വള്ളിയാംകുഴി(500 വാഴ),സോജൻ ചാരുവേലിൽ (300 വാഴ) എന്നിവരുടെ വാഴക്കൃഷി മലവെള്ളത്തിൽ നശിച്ചു.
ആഞ്ഞിലിക്കൽ ജോൺ,പൗലോസ് കിഴക്കേക്കര,മനങ്ങാടൻ രാജൻ,രാജീവൻ കേളോത്ത്,രവി തിരുവോത്ത്,വള്ളിയാംകുഴി ബിജു,ജോർജുകുട്ടി,സാജു,തെക്കേക്കര ബെന്നി,പടിഞ്ഞാറാട്ട് ബെന്നി,ലിസി പറയം തകിടിയിൽ,മുകുന്ദൻ കേളോത്ത്,സെബാസ്റ്റ്യൻ വെളിയത്ത്,ബിനോയ് വടക്കേടത്ത്,തെക്കേ രാമനാട്ടുപതിയിൽ മോഹനൻ,രാജു,പുന്നേരി ഓമന,പിരാടൻ കുഞ്ഞാമൻ,നെല്ലിക്കുന്നേൽ തോമസ്,ചാക്കോ,ഇലവുങ്കൽ സനോജ്,ഔസേപ്പ്,കല്ലേൽ ബേബി,ജോസ്,ചിന്നമ്മ,ചാത്തമ്പള്ളി അംഗജൻ,ചിറമ്മേൽ തൊമ്മൻ,ജോജി,മംഗലം ജോണി,പൂവത്തിങ്കൽ കുട്ടിച്ചൻ,വാഗപ്പറമ്പിൽ സണ്ണി,ഈറ്റപ്പുറത്ത് ഐസക്ക്,ഉമ്മർ ചിറ്റാരിപ്പറമ്പ്,പുത്തൻപുരയിൽ പുഷ്പവല്ലിതുടങ്ങി നിരവധിയാളുകൾക്ക് കൃഷി നാശമുണ്ടായിട്ടുണ്ട്.
കൃഷിനാശമുണ്ടായാലും യഥാസമയം ഇൻഷുറൻസ് ലഭിക്കുന്നില്ല
കഴിഞ്ഞ വർഷവും കാറ്റിലും മഴയിലും പ്രദേശത്ത് കൃഷിനാശമുണ്ടായിരുന്നു.അന്ന് നാശം സംഭവിച്ചവർക്കുള്ള ഇൻഷുറൻസ് തുക ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.ഈ വർഷം ഭീമമായ നഷ്ടമാണ് കർഷകർക്കുള്ളത്.ഉരുൾപൊട്ടൽ മേഖലയിൽ കാർഷികവിളകൾ നശിച്ചവർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചാൽ മാത്രമെ കർഷകർക്ക് പിടിച്ചു നില്ക്കാൻ കഴിയൂ.കൊറോണ കാരണം വിവിധ കാർഷികോല്പന്നങ്ങൾക്ക് നിലവിൽ വിലയിടിവുമുണ്ട്.
