കെട്ടിടാവശിഷ്ടങ്ങൾ 20 ടണ്ണിൽ അധികമെങ്കിൽ സംസ്കരണ ഫീസ് ഉടമ അടയ്ക്കണം

Share our post

തിരുവനന്തപുരം : 20 ടണ്ണിൽ അധികം കെട്ടിട അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഉടമ സ്വന്തം ചെലവിൽ കലക്‌ഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനു പുറമേ സംസ്കരണ ഫീസും അടയ്ക്കണമെന്ന് നിർദേശം. കെട്ടിട അവശിഷ്ടങ്ങൾ സംബന്ധിച്ച് തദ്ദേശ വകുപ്പ് ഇറക്കിയ മാർഗരേഖയിലാണിത്. 

2 മുതൽ 20 ടൺ വരെ മാലിന്യം ശേഖരിക്കാൻ കലക്‌ഷൻ ഫീസ് കെട്ടിട ഉടമ നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ കേന്ദ്രത്തിൽ എത്തിക്കണം. 2 ടണ്ണിൽ താഴെയുള്ള അവശിഷ്ടങ്ങൾ ശേഖരിക്കുമ്പോൾ ഫീസ് ഇല്ല. 

മൊബൈൽ യൂണിറ്റുകളും 5 കിലോമീറ്റർ പരിധിയിലുള്ള കലക്‌ഷൻ സെന്ററുകളും വഴിയാകും ശേഖരണം. ഈ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ സംയുക്തമായോ പൊതു-സ്വകാര്യ പങ്കാളിത്തമായോ പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം. ഒന്നിലധികം ജില്ലകൾക്കായി ഒരു കെട്ടിട അവശിഷ്ട സംസ്കരണ പ്ലാന്റ് ആരംഭിക്കും. ദിവസവും ചുരുങ്ങിയത് 100 ടൺ മാലിന്യം കൈകാര്യം ചെയ്യുന്ന പൊതു– സ്വകാര്യ പങ്കാളിത്ത പ്ലാന്റിന് സ്ഥലം സർക്കാർ നൽകും. യന്ത്രങ്ങളുടെയും നടത്തിപ്പിന്റെയും ചുമതല സ്വകാര്യ വ്യക്തി/കമ്പനികൾക്ക് ആയിരിക്കും. സംസ്കരണ ഫീസും റീസൈക്കിൾ ചെയ്ത വസ്തുക്കൾ വിറ്റുമാണ് വരുമാനം. 

സ്വകാര്യ പ്ലാന്റിന് ചുരുങ്ങിയത് 75 സെന്റ് സ്ഥലം വേണം. 100 മീറ്റർ ചുറ്റളവിൽ പൊതു സ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല. പ്ലാന്റ് തുടങ്ങിയാൽ 100 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർക്കാർ നിർമാണപ്രവർത്തനങ്ങൾക്കും സ്വകാര്യ മേഖലയിലെ പൊളിക്കൽ ആവശ്യമായ എല്ലാ പുതുക്കിപ്പണിയലിനും റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം 20% ഉപയോഗിക്കണമെന്നും മാർഗരേഖയിൽ പറഞ്ഞു. കലക്ടർ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറുമായ ജില്ലാതല മേൽനോട്ട സമിതി കലക്‌ഷൻ, സംസ്കരണ ഫീസും സംസ്കരണ പ്ലാന്റിന്റെ എണ്ണവും ശേഷിയും നിശ്ചയിക്കും. നിലവിലുള്ള പാറമടകൾ, ക്രഷറുകൾ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും തേടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!