വ്യാജക്കള്ള് തടയാൻ തെങ്ങിന് ജിയോ മാപ്പിങ്, കള്ളുവാഹനത്തിന് ജി.പി.എസ്.
തിരുവനന്തപുരം: ചെത്തുന്ന തെങ്ങുകൾക്ക് ജിയോ മാപ്പിങ് നടത്താനും കള്ള് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിക്കാനും സർക്കാർ അനുമതിനൽകി. വ്യാജക്കള്ള് വിതരണം തടയാനാണ് സംവിധാനം. പദ്ധതിക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് എക്സൈസ് നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് ഓൺലൈൻസംവിധാനം ഒരുക്കുന്നത്.
4800 കള്ളുഷാപ്പുകളിലായി ദിവസം ആറുലക്ഷം ലിറ്റർ കള്ള് വിൽക്കുന്നുണ്ട്. ഭൂരിഭാഗവും പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലയിൽനിന്നാണ് എത്തിക്കുന്നത്. ആദ്യഘട്ടമായി കള്ളുചെത്താനുള്ള പെർമിറ്റ് ഓൺലൈനാക്കും. ഓരോ തെങ്ങും ജി.പി.എസ്. സംവിധാനത്തിലൂടെ ജിയോടാഗ് ചെയ്ത് ഡിജിറ്റൽ തിരിച്ചറിയൽ നമ്പർ നൽകും. തെങ്ങ് നിൽക്കുന്ന ഭൂമിയുടെ റവന്യൂ വിവരങ്ങളും ഓൺലൈനിൽ ഉൾക്കൊള്ളിക്കും.
കള്ളെടുക്കാൻ അപേക്ഷിക്കുന്നവർക്ക് ഈ തെങ്ങുകൾ ഓൺലൈനിൽ അനുവദിക്കും. ഓരോ മേഖലയിലും എത്ര തെങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഇതിലൂടെ അറിയാം. ഒരു തെങ്ങിൽനിന്നും പ്രതിദിനം പരമാവധി രണ്ടുലിറ്റർ കള്ളാണ് ലഭിക്കുക. ഇതുപ്രകാരം ഓരോ മേഖലയിൽനിന്നും ശേഖരിക്കാൻ ഇടയുള്ള പരമാവധി കള്ളിന്റെ അളവ് അറിയാനാകും.
പെർമിറ്റ് പ്രകാരം കള്ള് കൊണ്ടുപോകാൻ അനുമതിയുള്ള വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണം. ഈ വാഹനങ്ങളുടെ യാത്രാവിവരം പൂർണമായും എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും. അനുവദനീയമായ കള്ളിന്റെ അളവും ഗുണനിലവാരവും യാത്രയ്ക്കിടെ എപ്പോൾവേണമെങ്കിലും പരിശോധിക്കാനാകും.
മൊബൈൽ ആപ്പിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനമാണ് വരുന്നത്. ഏപ്രിലിൽ പുതിയ സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
