ബി.എഡ്. പ്രവേശനം: സർവകലാശാലാ പഠനകേന്ദ്രങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: സ്വന്തമായി നടത്തുന്ന 11 പഠന കേന്ദ്രങ്ങളിലേക്കും ബി.എഡ്. പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു.
ഈ വർഷത്തെ ബി.എഡ്. പ്രവേശനത്തിന് സർവകലാശാലയുടെ 11 അധ്യാപക പഠനകേന്ദ്രങ്ങളിലേക്കും ഓൺലൈനായി അപേക്ഷ സ്വീകരിച്ച് സർവകലാശാല ബുധനാഴ്‌ച വിജ്ഞാപനമിറക്കി. നിലവിൽ രജിസ്റ്റർചെയ്തവർക്ക് എഡിറ്റ് ഓപ്ഷൻ വഴി ടീച്ചർ പഠനകേന്ദ്രങ്ങൾ കൂട്ടിച്ചേർക്കാനാകും. 19 വരെയാണ് അപേക്ഷ പുതുക്കുന്നതിനുള്ള അവസരം. എൻ.സി.ടി.ഇ. അനുമതി ലഭിക്കാത്തതിന്റെ പേരിലാണ് സ്വന്തം സെന്ററുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് സർവകലാശാല മാറ്റിവെച്ചിരുന്നത്. ഇതുപ്രകാരം കാലിക്കറ്റിനു കീഴിലെ 57 സ്വാശ്രയ പഠനകേന്ദ്രങ്ങളിലേക്കും രണ്ടു ഗവൺമെന്റ്, എയ്ഡഡ് പഠനകേന്ദ്രങ്ങളിലേക്കും രജിസ്‌ട്രേഷൻ ആരംഭിച്ചു. ബുധനാഴ്‌ച വൈകീട്ടുവരെ 4800 അപേക്ഷകളാണു ലഭിച്ചത്.
സർവകലാശാലാകേന്ദ്രങ്ങളെ മാറ്റിനിർത്തിയുള്ള പ്രവേശന നടപടി സ്വാശ്രയകേന്ദ്രങ്ങളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായിരുന്നു. എൻ.സി.ടി.ഇ. അപ്പ്‌ലറ്റ് കമ്മിറ്റിയുടെ ഉത്തരവുപ്രകാരമാണ് 11 പഠനകേന്ദ്രങ്ങളിലെ പുതിയ പ്രവേശനം പ്രതിസന്ധിയിലായത്. ഇതു മറികടക്കാൻ സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നത് വൈകുന്നതും പരാതികൾക്കിടയാക്കി. കോടതിയുടെ അനുകൂലവിധി നേടി പ്രവേശനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് സ്വന്തം പഠനകേന്ദ്രങ്ങളിലേക്കും കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചത്. എൻ.സി.ടി.ഇ. നിയമപ്രകാരമുള്ള അംഗീകാരത്തിനായി 11 കേന്ദ്രങ്ങൾക്കും പ്രത്യേകം കേസുകൾ ഫയൽചെയ്യും. ഈമാസം തന്നെ കോടതിയുടെ അനുകൂലവിധി നേടാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
