നിയമനമില്ല; ഒഴിഞ്ഞുകിടക്കുന്നത് അറുന്നൂറിലേറെ പോസ്റ്റ്മാന്‍ തസ്തികകള്‍
സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) വിഭാഗത്തിലുള്ളവരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും നടപ്പായില്ല. തപാൽ ഉരുപ്പടികൾ കൃത്യസമയത്ത് എത്തിക്കുന്നതിലടക്കം ബുദ്ധിമുട്ടുകൾ നേരിടുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരവും ഇരട്ടിയാണ്.
2017-ലാണ് പോസ്റ്റ്‌മാൻ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം തപാൽവകുപ്പ് അവസാനിപ്പിച്ചത്. തുടർന്ന് ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലുള്ളവർക്ക് പ്രത്യേക പരീക്ഷ നടത്തിയാണ് ഒഴിവുകൾ നികത്തിയിരുന്നത്. എന്നാൽ ശമ്പളക്കുറവുമൂലം പലരും ജോലി മതിയാക്കുകയാണ്. പോസ്റ്റ്‌മാൻ തസ്തികയിലുള്ളവർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളെല്ലാം ഇവർക്കില്ല.
ഓരോ ജില്ലയിലെയും പോസ്റ്റ്‌മാൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമെങ്കിലും അവരും ജോലിമതിയാക്കി പോകുകയാണ്. ഇതോടെ നിലവിലുള്ള പോസ്റ്റ്‌മാൻമാർക്ക് ജോലിഭാരം കൂടും. ഓരോ പോസ്റ്റ്‌മാനും നാലും അഞ്ചും വാർഡുകളിൽ തപാൽ എത്തിക്കേണ്ടിവരുന്നതിനാൽ ജനങ്ങൾക്ക് കൃത്യസമയത്ത് കിട്ടാതെയാകുന്നു.
തപാൽ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ്‌മാൻ തസ്തികകൾ ഒഴിവാക്കുന്നത്. നിലവിലുള്ള ജീവനക്കാർ വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാകുകയാണ്. അത്തരത്തിൽ കഴിഞ്ഞ മാർച്ചുവരെ ഒട്ടേറെ പോസ്റ്റ്‌മാൻ തസ്തിക ഒഴിവാക്കി. ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞവർഷംവരെയുള്ള ഒഴിവുകളിൽ ഗ്രാമീൺ ഡാക് സേവകരെ നിയമിച്ച് കുറച്ച് ഒഴിവുകൾ നികത്തി. എന്നാൽ ഒഴിവാക്കിയ നൂറിലേറെ തസ്തികകളിൽ നിയമനമുണ്ടായില്ല.
ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലേക്ക് തപാൽവകുപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. രാജ്യത്തൊട്ടാകെ 38,926 ഗ്രാമീൺ ഡാക് സേവക് ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം 2203 ഒഴിവുകൾ. എന്നാൽ ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15-നേ പൂർത്തിയാകൂ. അതുവരെയും തപാൽ വിതരണത്തിലേതടക്കമുള്ള പ്രതിസന്ധി തുടരും.
