കോളിക്കടവ് വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർച്ചയിൽ
ഇരിട്ടി : പായം പഞ്ചായത്തിലെ കോളിക്കടവ് പൂമാനത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വൃദ്ധ-വികലാംഗ വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ അപകടഭീഷണി ഉയർത്തുന്നു.
മാടത്തിൽ-കീഴ്‌പ്പള്ളി റൂട്ടിൽ റോഡിനോട് ചേർന്ന് ഒരേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമുതലാണ് കാലപ്പഴക്കത്താൽ അപകടഭീഷണി ഉയർത്തുന്നത്. കഴിഞ്ഞദിവസം മതിലിന്റെ ഒരു ഭാഗം സമീപത്തെ ജോസഫിന്റെ വീടിനു മുകളിലേക്ക് പതിച്ചിരുന്നു. വീടിന്റെ അടുക്കള ഭാഗത്തിനുഉൾപ്പെടെ നാശം നേരിട്ടു. അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. ഈ ഭാഗത്ത് വീണ്ടും മതിൽ ഇടിയാറായ അവസ്ഥയിലാണ്.
മെയിൻ റോഡിനോട് ചേർന്ന് ഏറ്റവും ഉയരത്തിലുള്ള ഭാഗത്ത് മതിൽ നെടുകെ വിണ്ടുകീറിയ നിലയിലാണ്. വാഹനങ്ങളും കാൽനടയാത്രക്കാർ മതിലിനോട് ചേർന്ന ഭാഗത്തുകൂടി പോകുന്നത് അപകടഭീഷണി ഉയർത്തുന്നു. ചുറ്റുമതിൽ അപകടഭീഷണിയിലാണെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി ബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ പറഞ്ഞു.
