ഗൂഗിൾ മാപ്പ് ചിലത് പറയില്ല; ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം വഴിതെറ്റും

Share our post

കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ എത്തിയത് തോട്ടിൽ. ഗ്യാസ് ടാങ്കർ ലോറി ദേശീയപാത വിട്ട് ഇടവഴിയിൽ ബ്ലോക്കായത് മറ്റൊരു വാർത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടിൽ എത്താൻ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത് നാലുമണിക്കൂർ. പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ് ദിശ കാണിച്ച്‌ മുന്നേറുമ്പോൾ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുന്നു. മഴക്കാലാത്താണ് ഇത് ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങൾ സംഭവിക്കുന്നതിൽ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്.

ഗൂഗിൾ മാപ്പ് പറയാത്തത്

*വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിൾ മാപ്പ് പറഞ്ഞെന്നു വരില്ല. കേരളത്തിൽ വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും ഇപ്പോൾ മാപ്പിൽ നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ട്.

* മലയോരഗ്രാമങ്ങളിൽ വേനലിൽ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്തിട്ടുണ്ടൈങ്കിൽ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും.

* ഇന്റർനെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മാപ്പിൽ കൃത്യത കുറയും. ഇറങ്ങുംമുൻപ്‌ ഓഫ് ലൈൻ മാപ്പ് ഡൗൺലോഡ് ചെയ്ത് വെക്കണം.

* ശബ്ദനിർദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോൾ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വളവുകൾ മാറിപ്പോകും.

*തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാൽ ഇത് മൺസൂൺ കാലങ്ങളിൽ സുരക്ഷിതമാകണമെന്നില്ല.

ഗൂഗിൾ മാപ്പിനോട് നമ്മൾ പറയേണ്ടത്

* ഗൂഗിൾ മാപ്പിൽ യാത്രാരീതി തിരഞ്ഞെടുക്കാൻ മറക്കരുത്. ഫോർ വീലർ, ടൂവീലർ, സൈക്കിൾ, കാൽനടയാത്ര എന്നിങ്ങനെ യാത്ര ചെയ്യുന്ന രീതി തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.

* യാത്രചെയ്യുന്ന റോഡിൽ തടസ്സമുണ്ടായാൽ അത് മാപ്പിൽ അപ്‌ലോഡ് ചെയ്യണം. പിന്നാലെ വരുന്ന യാത്രക്കാർക്ക് അത് പ്രയോജനപ്പെടും.

ലോക്കൽ ഗൈഡ് ആകാം

നിങ്ങൾ പോകുന്ന വഴിയിലെ ഫീച്ചറുകൾ ഗൂഗിൾ മാപ്പിൽ ചേർക്കാം. ഫോട്ടോ, റോഡ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങൾ അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഗൂഗിൾ നിങ്ങളെ ലോക്കൽ ഗൈഡ് ആക്കും. വിവരങ്ങൾ അധികം ചേർക്കുന്നതിനുസരിച്ച് ഗ്രേഡിങ് കിട്ടും. 100 ജി.ബി. സ്പേസ് അടക്കമുള്ള സമ്മാനം ഗൂഗിൾ തരികയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!