മാസ്‌ക് ഇടാത്തവരില്‍ നിന്നടക്കം ‘പിഴ’; പോലീസുകാരന്‍ ചമഞ്ഞ് മോഷണം നടത്തിയയാള്‍ പിടിയില്‍

പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്.
പിടിയിലാകുമ്പോഴും പോലീസുകാരനെന്ന് ആരും തെറ്റിദ്ധരിക്കുന്ന തരത്തിലുള്ളതായിരുന്നു അനീഷിന്റെ വേഷം. വളഞ്ഞവട്ടം സ്വദേശി വിജയന്‍ വായ്പ തിരിച്ചടവിനായി കരുതിയിരുന്ന 5000 രൂപയും, കാതില്‍ ഉണ്ടായിരുന്ന ഒരുഗ്രാം തൂക്കമുള്ള കടുക്കനും ഞായറാഴ്ച അനീഷ് തട്ടിയെടുത്തിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയാണ് തട്ടിപ്പ് വീരനെ കുടുക്കിയത്. നിരീക്ഷണ ക്യാമറകളില്‍നിന്നും പ്രതിയുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.
മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ പോലീസ്, തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം ചൊവ്വാഴ്ച പോലീസ് സംഘം മഫ്തിയില്‍ കാത്തുനിന്നു. ഇതിനിടെ ബൈക്കില്‍ അതുവഴി കടന്നുപോയ അനീഷിനെ തട്ടിപ്പിന് ഇരയായ ആള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കാക്കി നിറത്തിലുളള പാന്റ്, കറുത്ത ബൂട്ട്, ഒറ്റക്കളര്‍ ഷര്‍ട്ടും ധരിച്ച പ്രതിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പോലീസുകാരനെന്ന് ആരും കരുതും. 65 വയസ്സിനുമേല്‍ പ്രായമുള്ള, കാഴ്ചയില്‍ സാധുക്കളെന്ന് കരുതുന്ന ആളുകളെയാണ് ഇയാള്‍ പറ്റിച്ചിരുന്നത്. മാസ്‌ക്ക് വെക്കാതെ യാത്ര ചെയ്യുന്നവര്‍, ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍, ലോട്ടറിക്കച്ചവടക്കാര്‍, വിദേശമദ്യ ചില്ലറ വില്‍പ്പനശാലയില്‍നിന്നും മദ്യം വാങ്ങാന്‍ എത്തുന്നവരും മോഷണത്തിന് ഇരയായിട്ടുണ്ട്. സെക്യൂരിറ്റിയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ആളാണ് അനീഷ്.
ഇതേവേഷമാണ് മോഷണശ്രമം നടത്തുമ്പോഴും ഉപയോഗിച്ചിരുന്നത്. സമാനരീതിയില്‍ മുമ്പും കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പണവും സ്വര്‍ണവും പോലീസ് കണ്ടെടുത്തു.