കണ്ണൂർ ജില്ലയിലെ 21 സ്കൂളുകളിൽ ദിനാവസ്ഥ നിലയങ്ങൾ വരുന്നു
മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം.
മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും വേഗവും അളക്കുന്ന ഉപകരണങ്ങൾ എന്നിവ ദിനാവസ്ഥ നിലയങ്ങളിൽ ഉണ്ടാകും. ജിയോഗ്രഫി വിഷയമായിട്ടുള്ള ഹ്യുമാനിറ്റീസ് കോഴ്‌സുള്ള സ്കൂളുകളിലാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്.
സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 80,000-ത്തോളം രൂപ ചെലവഴിച്ചാണ് ഓരോ കേന്ദ്രവും സ്ഥാപിക്കുന്നത്. മട്ടന്നൂർ മേഖലയിൽ എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നത്. ആറളംഫാം ഹയർസെക്കൻഡറി സ്കൂളിൽ ഒഴികെ മറ്റു സ്കൂളുകളിൽ നിലയത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഓഗസ്റ്റ് 15-ഓടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സർക്കാർ നൽകുന്ന ഫണ്ടിനോടൊപ്പം പി.ടി.എ.കളുടെ കൂടി സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയത്.
ദിനാവസ്ഥ നിലയങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇത്തരം വിവരങ്ങൾ കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള പഠനങ്ങൾക്ക് സഹായകമാകും. സമീപത്തെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണ് നിലയങ്ങൾ തയ്യാറാക്കുന്നത്.
സംസ്ഥാനത്ത് 240 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 18 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ദിനാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിൽ വായിക്കുന്നതിനപ്പുറം കാലാവസ്ഥാ നിരീക്ഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണ് ഭൂമിശാസ്ത്ര വിദ്യാർഥികൾക്ക് ദിനാവസ്ഥ നിലയങ്ങൾ വഴി സാധ്യമാകുന്നത്.
