ഡോക്ടർമാർക്ക് ഇനി ഖാദി കോട്ട്; ആദ്യ കോട്ട് ധരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട്
കണ്ണൂർ: ഡോക്ടർമാർ ഇനി ഖാദിയിൽ തയ്യാറാക്കിയ കോട്ട് ധരിക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ആദ്യ കോട്ട് ധരിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കൈമാറി. കണ്ണൂർ ഖാദിഭവനിൽ നടന്ന ഓണം ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങിലാണ് വിതരണം നടന്നത്.
മെഡിക്കൽ കോളേജ് ഡോക്ടർമാരും നഴ്‌സിങ് സ്റ്റാഫും എം.ബി.ബി.എസ്., ബി.ഡി.എസ്. ആദ്യ ബാച്ചുകളിലെ വിദ്യാർഥികളും ഇനി ഖാദികോട്ട് ധരിക്കും. എം.ബി.ബി.എസ്. ആദ്യ ബാച്ചിലെ 100 പേർക്കായി 250-ഓളം കോട്ട് നൽകാനാണ് തീരുമാനം. ഖാദി ധരിക്കണമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശവും ഉണ്ടെന്ന് സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു.
ജില്ലയിൽ സെപ്റ്റംബർ ഏഴുവരെയാണ് ഖാദിമേള നടക്കുക. 30 ശതമാനം വരെ ഗവ. റിബേറ്റ് ഉണ്ട്. ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.സി. സോമൻ നമ്പ്യാർ ആദ്യവിൽപ്പന ഏറ്റുവാങ്ങി. പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, ബി.പി. റൗഫ്, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഇ.കെ. പദ്‌മനാഭൻ, കെ.വി. ഗിരീഷ്‌കുമാർ, ഇ.എ. ബാലൻ, പി.കെ. സന്തോഷ്, പി. പ്രസാദ്, എ. രതീശൻ തുടങ്ങിയവർ സംസാരിച്ചു.
