സ്വാതന്ത്ര്യ ദിനാഘോഷം: പരേഡില്‍ 26 പ്ലാറ്റൂണുകള്‍

Share our post

കണ്ണൂർ: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ സായുധ സേനകളുടേതടക്കം 26 പ്ലാറ്റൂണുകള്‍ അണിനിരക്കം. കൊവിഡ് മാറിയ സാഹചര്യവും സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികവും പ്രമാണിച്ച് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഒരുക്കം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ പരേഡില്‍ അഭിവാന്ദ്യം സ്വീകരിക്കും.

കെ.എ.പി, പൊലീസ് സിറ്റി, റൂറല്‍, വനിത വിഭാഗങ്ങള്‍, ജയില്‍, എക്സൈസ്, വനം വകുപ്പുകള്‍, എ.സി.സി-നാല്, സ്കൗട്ട് ഗൈഡ്‌സ്-നാല്, ജൂനിയര്‍ റെഡ് ക്രോസ്-ഏഴ്, എസ്.പി.സി-നാല് വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. ഡി.എസ്.സി, കെ.എ.പി നാലാം ബറ്റാലിയന്‍ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാകും. ആഗസ്ത് 15ന് പയ്യന്നൂരിലും തലശ്ശേരിയിലും പ്രത്യേക സ്വാതന്ത്ര്യ ദിന പരിപാടികളും പതാക ഉയര്‍ത്തലും സംഘടിപ്പിക്കാനും തീരുമാനിച്ചു.

ആസാദി കാ അമൃത് വര്‍ഷത്തിന്റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 13 മുതല്‍ 15 വരെ ദീപാലങ്കാരം നടത്താനും യോഗം നിര്‍ദേശം നല്‍കി. അതത് ഓഫീസുകള്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. ജില്ലാ ആസ്ഥാനത്തെ ഓഫീസുകള്‍ക്ക് മികച്ച ദീപാലങ്കാരത്തിന് പ്രത്യേക സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഓഫീസുകള്‍ പേര് വിവരം ഡി.ഡി.സി വാട്‌സാപ്പ് ഗ്രൂപ്പ് വഴി അറിയിക്കണം.

ആഗസ്ത് 11, 12 തിയ്യതികളില്‍ വൈകിട്ട് മൂന്ന് മണിക്കും 13ന് രാവിലെയും റിഹേഴ്സൽ പരേഡ് നടക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിമിതമായ നിലയില്‍ മാത്രമാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിലായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷം. ഇതിനായി എല്ലാ വകുപ്പുകളും ആവശ്യമായ് ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാലയങ്ങളില്‍ പതാക ഉയര്‍ത്തിയ ശേഷം വിദ്യാലയ പരിസരത്ത് വിദ്യാര്‍ഥികളുടെ ഘോഷയാത്ര സംഘടിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ സബ് കളക്ടര്‍ അനുകുമാരി, എ.ഡി.എം കെ.കെ. ദിവാകരന്‍, തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി. മേഴ്‌സി, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!