കൂത്തുപറമ്പ് സ്വദേശിയെ സ്വർണക്കടത്ത് സംഘം ദുബായിയിൽ തടവിലാക്കിയെന്ന് പരാതി
കൂത്തുപറമ്പ് : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ ദുബായിയിൽ ഒരു സംഘം തടവിലാക്കിയതായി സംശയം.
കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ ജസീലിനെയാണ് ദുബായിയിൽ ഒരുസംഘം തടവിലാക്കിയതെന്ന് കരുതുന്നത്. കൊല്ലപ്പെട്ട പന്തിരിക്കരയിലെ ഇർഷാദ് ദുബായിൽനിന്നെത്തിച്ച സ്വർണം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇയാളെ പിടികൂടിയതെന്നാണ് നിഗമനം. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘമാണിതെന്ന് കരുതുന്നു. ജസീലിനെക്കുറിച്ച് മേയ് 17 മുതൽ വിവരമൊന്നുമില്ലെന്ന് പിതാവ് അബ്ദുൾ ജലീൽ പറയുന്നു. ദുബായിയിലുള്ള മകനെ കാണാനില്ല എന്നുകാണിച്ച് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ അദ്ദേഹം ജൂൺ 11-ന് പരാതി നൽകിയിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മൂര്യാട് എത്തി അന്വേഷിച്ചിരുന്നു. എന്നാൽ ദുബായിയിൽ ഉള്ളയാളെ കാണാനില്ല എന്ന പരാതിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്ന് പോലീസ് പറയുന്നു.
കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിന് ഇർഷാദിനെ പരിചയപ്പെടുത്തിയത് ജസീൽ ആണെന്ന് കരുതുന്നു.
