ആദ്യ മെസേജിന് 24 മണിക്കൂർ തടയിട്ടു; സിം തട്ടിപ്പ് തടയൽ എളുപ്പമായി
തൃശ്ശൂർ: ഒരാളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അതേ നമ്പരിൽ മറ്റൊരു സിം കാർഡ് ഉണ്ടാക്കിയുള്ള തട്ടിപ്പിന് തടയിടാൻ കേന്ദ്രസർക്കാർ. തട്ടിപ്പുകാർ ഈ നമ്പരിൽ എടുക്കുന്ന സിം കാർഡിലേക്ക് ആദ്യസന്ദേശം വരണമെങ്കിലിനി 24 മണിക്കൂർ കാത്തിരിക്കണം. അക്കൗണ്ടിൽ കയറിയുള്ള പണാപഹരണത്തിന് ഒ.ടി.പി. ഈ സമയത്തിനുള്ളിൽ വരില്ലെന്നർഥം. തന്റെ സിം കാർഡ് പ്രവർത്തനം നിലച്ചെന്ന് മനസ്സിലാക്കാൻ ഉടമയ്ക്ക് 24 മണിക്കൂർ സമയവും കിട്ടും. ഈ സമയംകൊണ്ട് തട്ടിപ്പുകാരെടുത്ത സിം റദ്ദാക്കി പുതിയ സിം എടുക്കുകയും ചെയ്യാം.
സിം നഷ്ടപ്പെട്ടാൽ അതേ നമ്പരിൽ മറ്റൊരു സിം എടുക്കുന്നവർക്കും എസ്.എം.എസിന് ഇതേ സമയമെടുക്കും. തട്ടിപ്പിന് തടയിടാൻ വേണ്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഏർപ്പെടുത്തിയതാണിത്.
പിടി വീഴുന്നത് സിം സ്വാപ്പിങ് തട്ടിപ്പിന്
ഒരു സിമ്മിലെ വിവരങ്ങൾ മറ്റൊരു ചിപ്പിലേക്ക് മാറ്റുന്ന പ്രക്രിയയ്ക്ക് സിം സ്വാപ്പിങ് എന്നാണ് പറയുന്നത്. ഒരു സിമ്മിലെ വിവരങ്ങളെ മറ്റൊന്നിലേക്ക് ആവാഹിക്കുന്നു എന്നു വിശേഷിപ്പിക്കാം. ഫോൺ നഷ്ടപ്പെടുമ്പോൾ സിം തിരിച്ചുകിട്ടേണ്ട ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇതേർപ്പെടുത്തിയത്. എന്നാൽ വ്യാജമായി ആധാർകാർഡ് ഉണ്ടാക്കി സിം സ്വാപ്പ് ചെയ്ത് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്നവർ ഈ സംവിധാനം ദുരുപയോഗം ചെയ്തുവന്നു.
