കുളത്തിൽ വീണ സഹോദരിയെ രക്ഷിച്ചശേഷം മുങ്ങിത്താഴ്ന്നു; പെൺകുട്ടിക്ക് ദാരുണാന്ത്യം

കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു. കരിപ്പോട് അമ്പലപ്പടി വിക്കാപ്പ് നടുവത്തുക്കളം ശിവദാസൻ–ശശികല ദമ്പതികളുടെ മകൾ ശിഖ ദാസാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വണ്ടിത്താവളം പള്ളിമുക്ക് മേലെ എഴുത്താണിയിലാണ് അപകടം.
ശിഖയും ശിൽപയും എഴുത്താണിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. അവിടെനിന്ന് മൂവരും നെൽപാടം കാണാൻ പോയി. കൃഷിയിടത്തിലെ കൊക്കർണിയിൽ (വലിയ കുളം) കാൽ കഴുകാൻ ഇറങ്ങിയ ശിൽപ വഴുതി വീണതുകണ്ട ശിഖ കൊക്കർണിയിലേക്ക് ചാടി. ശിൽപയെ പിടിച്ച് കരയ്ക്ക് എത്തിക്കുന്നതിനിടെ ശിഖ മുങ്ങിത്താഴുകയായിരുന്നു.
ശിഖ കൈകാലിട്ടടിക്കുന്നതു കണ്ട ശിൽപയും സുഹൃത്തും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സമീപത്തെ ക്ലബ്ബിൽനിന്ന് ആളുകളെത്തി തിരച്ചിൽ നടത്തിയെങ്കിലും ശിഖയെ കണ്ടെത്താനായില്ല. ചിറ്റൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ശിഖ.