ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി ലേലത്തിനൊരുങ്ങി നിലമ്പൂർ ഡിപ്പോ

Share our post

നിലമ്പൂർ: ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി മരം ലേലത്തിന് ഒരുങ്ങിയിരിക്കുകയാണ് വനം വകുപ്പിന്‍റെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോ. ഈ മാസം 10ന് നടക്കുന്ന മെഗാ ലേലത്തിന് 129 ഘനമീറ്റർ ഈട്ടിത്തടികളാണ് 113 ലോട്ടുകളിലായി ഒരുക്കിയിട്ടുള്ളത്.

1949ൽ നിലവിൽ വന്ന ഡിപ്പോയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ് നടക്കുന്നത്. 100 ഘനമീറ്ററിന് മുകളിൽ ഈട്ടി ലേലം നടക്കുന്നത് ആദ‍്യമായാണ്. 1963 എഴുത്തുകൽ പ്ലാന്‍റേഷനിലെ ഈട്ടിത്തടികൾ ഉൾപ്പെടെ 343 കഷ്ണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജൂൺ 29ന് നടന്ന ഈട്ടിലേലത്തിൽ ഒരു ഘനമീറ്ററിന് അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിച്ചിരുന്നു.

കയറ്റുമതി ഇനത്തിൽപെട്ട തടികളുമുള്ളതിനാൽ ഉയർന്ന വിലയാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ലേലവിവരം അറിഞ്ഞ് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മരവ്യാപാരികൾ ഡിപ്പോയിലെത്തി തടികൾ കണ്ട് മടങ്ങി.

ഇ-ലേലത്തിൽ വാശിയേറിയ മത്സരം ഉണ്ടാകാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിപ്പോ റേഞ്ച് ഓഫിസർ ഭാസി ബാഹുലേയൻ പറഞ്ഞു. അടച്ചുപൂട്ടിയ പഴയ വുഡ് ഇൻഡസ്ട്രീസിന്‍റെ കെട്ടിടത്തിൽ ഒരുഭാഗം ഈട്ടി ലേലത്തിന് ഉപയോഗിക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!