കേരളത്തെ അറിയാം ഒറ്റ ക്ലിക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആസ്പത്രികൾ എവിടെയൊക്കെയുണ്ട്?. ഒരു പഞ്ചായത്തിൽ എത്ര ആദിവാസി ഊരുകളുണ്ട്?. അക്ഷയകേന്ദ്രങ്ങളും ഐ.സി.ഡി.എസ്. കേന്ദ്രങ്ങളും എവിടെയൊക്കെയുണ്ട്? കെ-ഫോൺ കവറേജുള്ള മേഖലകൾ ഏതെല്ലാം? ഇത്തരം വിവരങ്ങൾ ഇപ്പോൾ വിരൽത്തുമ്പ് അകലത്തിലാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ജിയോ പോർട്ടൽ തുറന്നിടുന്നത് വിവരങ്ങളുടെ അക്ഷയഖനി.
ഐ.ടി. മിഷന്റെ കീഴിൽ കേരള സ്റ്റേറ്റ് സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രെക്ചർ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണിത്. കേരളത്തിന്റെ സ്വന്തം മാപ്പിങ് സംവിധാനംവരെ ആവാനുള്ള സാധ്യതകൾ തുറന്നുവെക്കുന്നു.
സർക്കാരിന്റെ നേട്ടങ്ങൾ
• ഭൂവിവരങ്ങൾ അനാവശ്യമായി പുനർനിർമിക്കുന്നത് തടയുന്നതിലൂടെ സാമ്പത്തികലാഭം.
• വികസിപ്പിച്ച വിവരങ്ങൾ അനുയോജ്യമായ മറ്റു പ്രവർത്തനമേഖലകൾക്ക് ഉതകുന്ന രീതിയിൽ ലഭ്യമാക്കുന്നു.
• ഇ-ഗവേണൻസ് പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ജനങ്ങൾക്കുള്ള പ്രയോജനം
• വിവരങ്ങൾ സൗജന്യമായി കേരള ജിയോപോർട്ടലിലൂടെ ലഭ്യമാകുന്നതിനാൽ ഭൗമ സാങ്കേതികവിദ്യ കൂടുതൽ അടുത്തറിയുന്നതിന് സാധിക്കുന്നു.
• ഭൗമവിവരങ്ങളുടെ സൗജന്യ ലഭ്യത സ്റ്റാർട്ടപ്പ് പോലുള്ള സംരംഭങ്ങൾക്ക് ഗുണമാവും.
• സ്കൂളുകളിലെ കാലാവസ്ഥാകേന്ദ്രങ്ങളുമായി ജിയോപോർട്ടൽ ബന്ധിപ്പിക്കുന്നത് പ്രാദേശികതല ചെറുകിടസംരംഭങ്ങൾക്കും കൃഷിസംബന്ധമായ പുതിയ ഉദ്യമങ്ങൾക്കും സഹായകമാകും.
