മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി മഹോത്സവം 14 മുതൽ
ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ‘യാനം 2022’ എന്ന പേരിൽ കഥകളി മഹോത്സവത്തിന് 14-ന് തിരിതെളിയും. 34 ദിവസത്തെ കഥകളി മഹോത്സവം സെപ്റ്റംബർ 14-ന് സമാപിക്കും. ആദ്യമായാണ് നൂറുകണക്കിന് കഥകളി കലാകാരമാർ പങ്കെടുക്കുന്ന കഥകളി മഹോത്സവം നടക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. മഹാഭാരതം, ഭാഗവത കഥകളെ അടിസ്ഥാനമാക്കി കോട്ടയം തമ്പുരാൻ മുതൽ പുതിയ കാലത്തെ ആട്ടക്കഥാകൃത്തുക്കൾ വരെ രചിച്ച അൻപതോളം കഥകൾ അരങ്ങിലെത്തും. ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നങ്ങ്യാർകൂത്ത് തുടങ്ങിയവയും വേദിയിൽ അവതരിപ്പിക്കും.
14-ന് രാവിലെ 10 മണിക്ക് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു മുഖ്യാതിഥിയായിരിക്കും.
14-ന് വൈകിട്ട് ആറിന് ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 കലാകാരൻമാരുടെ പാണ്ടിമേളവും അരങ്ങേറും. പത്രസമ്മേളനത്തിൽ ധ്യാനം സംഘാടകസമിതി കൺവീനർ രേണുകാ രവിവർമ, ക്ഷേത്രം ചെയർമാൻ എ.കെ.മനോഹരൻ, മറ്റ് ഭാരവാഹികളായ എൻ.പങ്കജാക്ഷൻ, ജിഷ്ണു കെ.മനോജ്, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ എം.മനോഹരൻ, എം.പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതൽ ഭക്തജനങ്ങൾക്കായി അന്നദാനം ആരംഭിച്ചു. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെ ഭക്ഷണം നൽകും.
