പെട്രോള്‍-ഡീസല്‍ വില പേടിച്ച് സി.എന്‍.ജി വണ്ടി വാങ്ങി; സി.എന്‍.ജി വില ഡീസലിനരികെ

കണ്ണൂര്‍ : ഡീസലിനും പെട്രോളിനും പിന്നാലെ സമ്മര്‍ദിത പ്രകൃതിവാതകത്തിനും (സി.എന്‍.ജി.) വില കുതിക്കുന്നു. ഒരുകിലോയ്ക്ക് നാലുരൂപ വര്‍ധിച്ച് 91 രൂപയായി. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ. ഒറ്റദിവസം വില 87-ല്‍നിന്ന് 91-ലേക്ക് കുതിച്ചപ്പോള്‍ കിതച്ചുപോയത് ഓട്ടോറിക്ഷക്കാരാണ്. ഒരുവര്‍ഷം മുന്‍പ് സി.എന്‍.ജി. കണ്ണൂരില്‍ തുടങ്ങുമ്പോള്‍ കിലോയ്ക്ക് 65 രൂപയായിരുന്നു.
ഏപ്രില്‍മുതല്‍ ഗെയ്ലിന്റെ കൂടാളി പൈപ്പ് ലൈന്‍ വഴി എത്തിത്തുടങ്ങി. അപ്പോള്‍ 75 രൂപയാണ്. ഏപ്രിലില്‍തന്നെ വീണ്ടും വര്‍ധിച്ചു. കിലോയ്ക്ക് 82 രൂപ. പിന്നീടത് 84 രൂപയായി. കഴിഞ്ഞ ദിവസംവരെ 87 രൂപയുണ്ടായിരുന്നതാണ് ചൊവ്വാഴ്ചമുതല്‍ 91 രൂപയായത്.
വില കൂടിയെങ്കിലും നിലവില്‍ ക്ഷാമം ഇല്ലെന്നും ആവശ്യത്തിന് കിട്ടുന്നുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ അദാനി അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ വില 15-ല്‍നിന്ന് 55 ഡോളറായി കുതിച്ചതാണ് വില വര്‍ധനയ്ക്ക് കാരണമായതെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധവും വില കൂടാനുള്ള കാരണമായി പറയുന്നു.