വണ്ടി കാണണ്ട, പരിശോധനയും വേണ്ട, ഫോട്ടോ അയച്ചാല്‍ പുക സര്‍ട്ടിഫിക്കറ്റ് റെഡി; കയ്യോടെ പിടികൂടി

Share our post

സൗത്ത് കളമശ്ശേരിയിലെ ബി.എസ്. ടെസ്റ്റിങ് സെന്റര്‍ പുകപരിശോധനാ കേന്ദ്രത്തില്‍ നടക്കുന്ന നാടകീയരംഗങ്ങള്‍ ബുധനാഴ്ച എറണാകുളം ആര്‍.ടി. ഓഫീസിലിരുന്ന് ആര്‍.ടി.ഒ. പി.എം. ഷെബീര്‍ കാണുന്നുണ്ടായിരുന്നു. വാഹനമില്ലാതെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി, കേന്ദ്രസര്‍ക്കാറിന്റെ ഗതാഗത സോഫ്റ്റ് വെയറില്‍ നുഴഞ്ഞുകയറിക്കൊണ്ടുള്ള തട്ടിപ്പ് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഒരുക്കിയ ‘സ്റ്റിങ്’ ഓപ്പറേഷനായിരുന്നു ഇത്.

ഇതിനായി കാണിച്ചത് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ വാഹനാപകടത്തില്‍ തകര്‍ന്ന വണ്ടിയുടെ നമ്പറും. വാഹനത്തിന്റെ പുകക്കുഴല്‍ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കളമശ്ശേരിയിലെ സ്ഥാപനത്തെക്കുറിച്ച് എറണാകുളം ആര്‍.ടി.ഒ.ക്ക് പരാതി ലഭിച്ചതില്‍നിന്നാണ് തുടക്കം.

സംഭവം സത്യമാണോയെന്നറിയാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷിനെയും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. മധുസൂദനെയും ചുമതലപ്പെടുത്തി. തങ്ങള്‍ നേരിട്ടുപോയി പരിശോധിച്ചാല്‍ തെളിവു കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും പദ്ധതി ആസൂത്രണം ചെയ്തു.

ആര്‍.ടി.ഒ.യുടെ അനുവാദത്തോടെ പുക പരിശോധന സ്ഥാപനത്തിലേക്ക് കസ്റ്റമറെന്ന നിലയ്ക്ക് ഒരാളെ നിയോഗിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. കടയിലേക്ക് ആളെ വിട്ടശേഷം ഉദ്യോഗസ്ഥര്‍ മറ്റൊരിടത്തുനിന്ന് നിരീക്ഷിച്ചു. കടയിലെത്തി ഏറെ വൈകാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ, ഉടമയെ നേരിട്ടെത്തി കൈയോടെ പിടികൂടിയ ഉദ്യോഗസ്ഥര്‍ കട പൂട്ടിച്ചു. കൂടാതെ, ഇതിനായി ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിലെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!